Timely news thodupuzha

ഇടുക്കി വോളി അക്കാദമിക്ക് 1.50 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിച്ച് വരുന്ന വോളിബോൾ അക്കാഡമി ഹോസ്റ്റലിന്റെ നവീകരണത്തിനും ഇതര പ്രവർത്തികൾക്കുമായി 1,50,24,000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കായികവും യുവജനകാര്യവും വകുപ്പ് മുഖേനയാണ് അക്കാഡമിയിലെ കായിക താരങ്ങൾക്ക് ഏറെ ഗുണകരമാകുന്ന പ്രവർത്തികൾക്കായി തുക അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള ഹോസ്റ്റലിലെ വിദ്യാത്ഥികൾ പരിശീലനം നടത്തുന്ന ഇൻഡോർ കോർട്ടിന്റെ തടി പാകിയിരുന്ന അടിത്തറ പ്രളയത്തെ തുടർന്ന് വെള്ളം കയറി ജീർണിക്കുകയും പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലുമായിരുന്നു.തറയുടെ നവീകരണത്തിനും രാത്രിയിൽ ഉൾപ്പെടെ പരിശീലനം നടത്തുന്നതിന് ലൈറ്റിംഗ് സംവിധാനവും ഏർപ്പെടുത്തും.ഇതോടൊപ്പം ഹോസ്റ്റൽ നവീകരണവും കിച്ചൻ നവീകരണവും നടത്തുമെന്നും മന്ത്രി അറിയിച്ചു.

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മുഖേന തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമുള്ള എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള 24 വിദ്യാർത്ഥികളാണ് നിലവിൽ ഹോസ്റ്റലിൽ താമസിച്ച് പരിശീലനം നടത്തി വരുന്നത്. സമീപമുള്ള മരിയാപുരം, വാഴത്തോപ്പ് സ്‌കൂളുകളിലാണ് ഈ വിദ്യാർത്ഥികൾ പഠനം നടത്തുന്നത്.

പ്രത്യേക പരിശീലകൻ, ഹോസ്റ്റൽ വാർഡൻ, സ്വീപ്പർ, കുക്ക് ഉൾപ്പെടെ 4 ജീവനക്കാരാണ് ഹോസ്റ്റലിലുള്ളത്. സ്‌പോർട്‌സ് കൗൺസിൽ മുഖേനയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയത്. കഴിഞ്ഞ മാസം കായിക യുവജന ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കിയിൽ എത്തിയപ്പോൾ വോളിബോൾ അക്കാഡമിയിൽ എത്തിച്ച് ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തുക വേദത്തിൽ അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *