Timely news thodupuzha

കുമാരമം​ഗലത്ത് കുറുനരി ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി

തൊടുപുഴ: കഴിഞ്ഞ ദിവസം വൈകിട്ട് കുമാരമംഗലം പഞ്ചായത്ത് ആറാം വാര്‍ഡില്‍പ്പെട്ട പ്രദേശത്ത് കുറുനരി യുവാവിനെയും നാല് പശുക്കളേയും ആക്രമിച്ചു.കാഞ്ഞിരക്കാട്ട് ശ്രീകുമാറിന്റെ മകനും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ജീവനക്കാരനുമായ ശ്രീജേഷിനെയാണ്(34) കുറുനരി ആക്രമിച്ചത്. കാല്‍ മുട്ടിനോട് ചേര്‍ന്ന് പരുക്കേറ്റ ശ്രീജേഷ് ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പ് എടുത്തു.

വ്യാഴം വൈകിട്ട് അഞ്ചു മണിയോടെ ശ്രീകുമാറിന്റെ വീട്ടുമുറ്റത്താണ് കുറുനരി എത്തിയത്. അവിടെ നില്‍ക്കുകയായിരുന്ന ശ്രീജേഷിനെ ആക്രമിച്ച ശേഷം ശ്രീകുമാറിന്റെ സഹോദരന്‍ സജിയുടെ വീട്ടിലെത്തി രണ്ട് പശുക്കളെ ആക്രമിച്ചു. പിന്നീട് കുടിയിരുപ്പില്‍ പവിത്രന്റെ വീട്ടിലെ പശുക്കളേയും കടിച്ചു.

ഒരു വര്‍ഷത്തോളമായി പ്രദേശത്ത് കുറുനരി ശല്യം രൂക്ഷമാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.പുലര്‍ച്ചെയും സന്ധ്യാ നേരങ്ങളിലും ഇവ കൂട്ടത്തോടെ ഓലിയിട്ട് ഭീതി വിതക്കും. ആ സമയത്ത് കുട്ടികളെ പുറത്തിറക്കാന്‍ ഭയമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുറുനരി ശല്യം നിയന്ത്രിക്കണമെന്ന് അവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സിബിന്‍ വര്‍ഗീസ് എന്നിവരും വാര്‍ഡംഗങ്ങളായ സാജന്‍ ചിമ്മിനിക്കാട്ട്, ഷെമീന നാസര്‍, ലൈല കരീം, സജി ചെമ്പകശേരി എന്നിവര്‍ റേഞ്ച് ഓഫീസര്‍ സിജോ സാമുവലിന് പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *