Timely news thodupuzha

അടിമാലി പഞ്ചായത്തില്‍ ഇത്തവണ മത്സരം കടുപ്പിച്ച് രംഗത്തിറങ്ങാൻ തീരുമാനിച്ച് എന്‍.ഡി.എ

ഇടുക്കി: ബി ജെ പിക്കോ എന്‍ ഡി എക്കോ പ്രാതിനിധ്യം ഇല്ലാത്ത പഞ്ചായത്തുകളില്‍ ഒന്നാണ് അടിമാലി പഞ്ചായത്ത്.എന്നാല്‍ തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന അടിമാലി പഞ്ചായത്തില്‍ ഇത്തവണ മത്സരം കടുപ്പിച്ച് രംഗത്തിറങ്ങാനാണ് എന്‍ ഡി എ നേതൃത്വത്തിന്റെയും ബി ജെ പിയുടെയും തീരുമാനം.ഭരണം പിടിക്കാനായില്ലെങ്കിലും പഞ്ചായത്തില്‍ എന്‍ ഡി എയുടെ പ്രാതിനിധ്യം ഉണ്ടാക്കുക പ്രാദേശിക നേതൃത്വം ലക്ഷ്യമിടുന്നു.പഞ്ചായത്തില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കുകയെന്നതും ബി ജെ പിയുടെയും എന്‍ ഡി എയുടെയും ലക്ഷ്യമാണ്.ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ അടിമാലി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ എന്‍ ഡി എ സഖ്യം തീരുമാനിച്ചിട്ടുള്ളത്.പഞ്ചായത്തില്‍ മാത്രമല്ല, അടിമാലി മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകുമെന്ന് ബി ജെ പി അടിമാലി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. രാജീവ് ഏലിയാസ് പ്ലാമൂട്ടില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പെ തന്നെ എന്‍ ഡി എ, ബി ജെ പി പ്രവര്‍ത്തകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു.പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍, അടിക്കടി ഉണ്ടായ കാലുമാറ്റവും ഭരണമാറ്റവുമടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കളം നിറയാമെന്ന് എന്‍ ഡി എ, ബി ജെ പി നേതൃത്വങ്ങള്‍ കണക്ക് കൂട്ടുന്നു.പഞ്ചായത്ത് വാര്‍ഡുകളിലേക്കും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുവാനുള്ള അവസാനവട്ട ചര്‍ച്ചകളും കണക്ക് കൂട്ടലുകളുമായി ബി ജെ പി, എന്‍ ഡി എ നേതൃത്വങ്ങള്‍ മുമ്പോട്ട് പോകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *