Timely news thodupuzha

ഇടുക്കി ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ഇടുക്കി: ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2026 – 2027 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുള്‍പ്പടെ 63 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളാണ് സമിതി അംഗീകരിച്ചത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. മെംബര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 33 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളാണ് അംഗീകരിച്ചത്. ഓഗസ്റ്റ് 5 നു നടന്ന ആസൂത്രണ സമിതിയില്‍ 30 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം ലഭിച്ചിരുന്നു.

പദ്ധതി നിര്‍വഹണത്തിന്റെ ഘട്ടത്തിലേക്ക് കടക്കണമെന്നും ഫണ്ടുകള്‍ നഷ്ടപ്പെടുത്താതെ പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി ചെലവ് 100 ശതമാനത്തിലെത്തിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവര്‍ത്തിക്കുന്ന അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിവിധ ഗ്രാന്റുകള്‍ ഫലപ്രദമായി വിനിയോഗിക്കണം. പഞ്ചായത്തുകള്‍ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇടുക്കിയുടെ ജൈവ വൈവിധ്യവും പ്രകൃതി ഭംഗിയും പണമാക്കി മാറ്റാന്‍ കഴിയണം. ജൈവവൈവിധ്യ രജിസ്റ്റര്‍ ഇതിനുള്ള അനന്തസാധ്യതയാണ് ഒരുക്കുന്നത്. രജിസ്റ്ററിന്റെ രണ്ടാം വോള്യം പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ എത്രയും വേഗം രജിസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണം. തനത് വരുമാനം തീരെ കുറഞ്ഞ പഞ്ചായത്തുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പരമാവധി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പദ്ധതി പുരോഗതി സംബന്ധിച്ച് ആസൂത്രണ സമിതി വിലയിരുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ മലേറിയ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഓരോ പഞ്ചായത്തുകളും നിര്‍ബന്ധമായും അതിഥി തൊഴിലാളികളുടെയും അവരെ എത്തിക്കുന്ന ഏജന്റുമാരുടെയും രജിസ്റ്റര്‍ തയാറാക്കണമെന്ന് കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രജിസ്റ്റര്‍ പരിശോധിച്ച് വാക്‌സിനേഷന്‍ അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലയിലെത്തുന്ന ഓരോ അതിഥി തൊഴിലാളിയുടെയും രക്ത സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *