കൊച്ചി: കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് ഇൻഡിഗോ കാർഗോയുടെ (IndiGo CarGo) പ്രത്യേക ചരക്ക് വിമാന സർവീസ് ആരംഭിച്ചതോടെ, കേരളവും ഗൾഫ് മേഖലയും തമ്മിൽ അധിക ചരക്ക് ഗതാഗത സൗകര്യം നിലവിൽ വന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ആണ് ഈ പുതിയ സേവനം ലഭ്യമാക്കുന്നത്.
ഇൻഡിഗോ കാർഗോയുടെ എയർബസ് A321 ചരക്ക് വിമാനം ഇപ്പോൾ കൊച്ചി-ഷാർജ റൂട്ടിൽ സർവീസ് നടത്തുന്നു. തുടക്കത്തിൽ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ഈ സർവീസ് പിന്നീട് ആഴ്ചയിൽ മൂന്ന് തവണയായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. ഇത് കേരളവും ഗൾഫ് മേഖലയും തമ്മിലുള്ള ചരക്ക് നീക്കത്തിന് കൂടുതൽ ശേഷിയും സമയക്രമത്തിൽ കൂടുതൽ സൗകര്യവും നൽകും.
കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വാണിജ്യപരവും സമയബന്ധിതവുമായ ചരക്ക് നീക്കം സുഗമമാക്കാൻ ഈ സ്ഥിരം സർവീസ് സഹായിക്കും. ഒപ്പം, കയറ്റുമതിക്കാർക്ക് ഷാർജയിലേക്കും അവിടെ നിന്ന് ഗൾഫ് മേഖലയിലെയും വിശാലമായ മിഡിൽ ഈസ്റ്റിലെയും വിപണികളിലേക്കും ചരക്ക് എത്തിക്കുന്നതിനുള്ള മികച്ച അവസരവും ഇത് ഒരുക്കുന്നു.
“കൊച്ചിയും ഷാർജയും തമ്മിലുള്ള ഇൻഡിഗോ കാർഗോയുടെ സ്ഥിരം ചരക്ക് വിമാന സർവീസ് സിയാലിന്റെ കാർഗോ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും. കൊച്ചിയെ ഒരു പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത്തരം അന്താരാഷ്ട്ര ചരക്ക് ഗതാഗത സൗകര്യങ്ങൾ കൂടുതൽ കരുത്ത് പകരും. കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യവസായങ്ങൾക്കും തങ്ങളുടെ ചരക്ക് ഗൾഫ് വിപണികളിലേക്ക് എത്തിക്കുന്നതിന് ഈ പുതിയ സേവനം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും,” സിയാൽ മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.
പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാവുന്ന ഉൽപ്പന്നങ്ങൾ, കടൽ വിഭവങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ, മറ്റ് സമയബന്ധിതമായ വാണിജ്യ ചരക്കുകൾ തുടങ്ങി വിവിധതരം ഉൽപ്പന്നങ്ങൾ സിയാലിന്റെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നു. കയറ്റുമതിക്കാരുടെയും വിശാലമായ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിമാനത്താവളം അതിന്റെ കാർഗോ അടിസ്ഥാന സൗകര്യങ്ങളും എയർലൈൻ ശൃംഖലയും വികസിപ്പിക്കുന്നത് തുടരുന്നു.
ഉദ്ഘാടന ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി., എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാജി ഡാനിയൽ, സന്തോഷ് ജെ. പൂവട്ടിൽ, സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ, ഇൻഡിഗോ കാർഗോ വൈസ് പ്രസിഡന്റ് വിപിൻ കുമാർ മോഹ്ല, ഇൻഡിഗോ സെയിൽസ് (വെസ്റ്റ് & സൗത്ത്) അസോസിയേറ്റ് വൈസ് പ്രസിഡന്റ് ബിജു ശങ്കർ, കാർഗോ ഓപ്പറേഷൻസ് (വെസ്റ്റ് & സൗത്ത്) ഡയറക്ടർ ജൂബിലന്റ് ജോൺസൺ, സെയിൽസ് (നോർത്ത് & ഈസ്റ്റ്) ഡയറക്ടർ സതീഷ് മിശ്ര എന്നിവർ പങ്കെടുത്തു.






