Timely news thodupuzha

കോർപറേറ്റുകൾക്കായി കേന്ദ്രം വ്യാപാരികളെ ഒറ്റിക്കൊടുത്തു: ഡീൻ കുര്യാക്കോസ് എം പി

തിരുവനന്തപുരം: അമേരിക്കൻ കോർപറേറ്റ് കമ്പനികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ ഒറ്റിക്കൊടുത്തിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു. യു.പി.ഐ. പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ലോക്‌ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായാണ് യു.പി.ഐ. ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കമെന്നും ഇതിലൂടെ പ്രതിവർഷം ഏകദേശം 28,000 കോടി രൂപ അമേരിക്കൻ കമ്പനികൾക്ക് ലഭിക്കുമെന്നുമാണ് ഡീൻ കുര്യാക്കോസ് എം പി ചൂണ്ടിക്കാട്ടിയത്.

രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നിലപാടിന്റെ അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ വ്യാപാരത്തിന്റെ കടുത്ത മത്സരത്തിനിടയിൽ നിലനിൽപ്പിനായി പോരാടുന്ന ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യതകൾ ഏൽപ്പിക്കുന്നത് അവരുടെ നിലനിൽപ്പുതന്നെ ഇല്ലാതാക്കുമെന്ന് പ്രതിഷേധ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായ സാഹചര്യത്തിൽ യു.പി.ഐ. ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം ചെറുകിട വ്യാപാരികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിക്കുമെന്നും ആയതിനാൽ ഈ തീരുമാനം പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശാൻ സ്ക്വയറിൽനിന്ന് രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള പതിനായിരക്കണക്കിന് വ്യാപാരികൾ അണിനിരന്നു. വ്യാപാരികളുടെ ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി ധനീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ദേവരാജൻ ആമുഖപ്രസംഗം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. കെ. ബാപ്പു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ. ജെ. ഷാജഹാൻ, ദേവസ്യ മേച്ചേരി, ജോജിൻ ടി. ജോയ്, സണ്ണി പൈമ്പിള്ളിൽ, കെ. വി. അബ്ദുൽ ഹമീദ്, ബാബു കോട്ടയിൽ, കെ. അഹമ്മദ് ശരീഫ്, എം. കെ. തോമസ്കുട്ടി.

സംസ്ഥാന സെക്രട്ടറിമാരായ വൈ. വിജയൻ, സലിം രാമനാട്ടുകര എന്നിവർ പ്രസംഗിച്ചു. ജിമ്മി ചക്കിയത്ത് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *