ഇടുക്കിയിൽ ഒരു പൊതുയോഗത്തിന് എത്തിയതാണ് അന്നത്തെ മുഖ്യമന്ത്രി കൂടിയായ ആരാധ്യനായ ഉമ്മൻ ചാണ്ടി സാർ. ചെറുതോണിയിൽ നിന്ന് ഇടുക്കി ആർച്ച് ഡാമിനു മുൻഭാഗത്തുള്ള ഐഡിഎ സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. പതിവു പോലെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞു. പൂഴിയിട്ടാൽ നിലത്തു വീഴാത്തയത്രയും ജനസഞ്ചയം. റോഡുകൾ അക്ഷരാർഥത്തിൽ നിശ്ചലമായി. എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാതെ പൊലീസും സംഘാടകരും.
പൊതുയോഗത്തിന് എത്തേണ്ട സമയം വല്ലാതെ വൈകുന്നതിൽ ഉമ്മൻ ചാണ്ടി സാർ അസ്വസ്ഥനായി. ഇതോടെ ഒപ്പമുണ്ടായിരുന്ന ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു പ്രവർത്തകന്റെ സ്‌കൂട്ടർ വാങ്ങി. ‘പിന്നിലോട്ട് കേറിക്കോ സാറേ…’ എന്നു പറഞ്ഞപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം എന്റെ പിന്നിൽ കയറി. തിരക്കിനിടയിലൂടെ ഞങ്ങൾ യോഗസ്ഥലത്തേക്ക് പാഞ്ഞു. അതായിരുന്നു ഉമ്മൻ ചാണ്ടി സാർ. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ആരോടും ‘നോ’ പറയാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇക്കാര്യത്തിൽ എനിക്കുണ്ടായ ഒരു അനുഭവം കൂടി ഇവിടെ പങ്കുവയ്ക്കാം.
2014 ലാണ് സംഭവം. ഇടുക്കി ഫെസ്റ്റ് നടക്കുകയാണ്. സമാപന സമ്മേളത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിനെ പങ്കെടുപ്പിക്കണമെന്ന് സംഘാടകർക്ക് ആഗ്രഹം. ഞാൻ ഇക്കാര്യം അദ്ദേഹത്തോട് ഫോണിൽ പറഞ്ഞപ്പോൾ മറ്റു ചില പരിപാടികൾ മൂലം അസൗകര്യമാണെന്ന് പറഞ്ഞു. നാലു മണിക്ക് വൈക്കത്ത് ഒരു പരിപാടിയുണ്ടെന്നതായിരുന്നു പ്രധാന തടസ്സം.
സാറ് വരുമെങ്കിൽ ഹെലികോപ്ടർ സംഘടിപ്പിക്കാം എന്നായി ഞാൻ. ഞങ്ങൾ സാറിനെ കൊണ്ടുവരാൻ അത്രയ്ക്ക് ആഗ്രഹിക്കുന്നുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം ഒടുവിൽ സമ്മതിച്ചു. പക്ഷേ ഒരു കാര്യം ആവശ്യപ്പെട്ടു. കൃത്യം നാലു മണിക്ക് എന്നെ വൈക്കത്ത് എത്തിക്കണം. ചെറുതോണിയിലേക്ക് കാറിൽ എത്തിയ അദ്ദേഹത്തെ ഹെലികോപ്ടർ വാടകയ്ക്ക് എടുത്ത് കൃത്യസമയത്ത് വൈക്കത്ത് എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
എത്ര അസൗകര്യമുണ്ടെങ്കിലും സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. തിരക്കുകൾക്കിടയിലും തനിക്കു സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സ്‌കൂട്ടറും ഹെലികോപ്ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കി…
ഇനി അവസാന യാത്ര… ജനസാഗരത്തിനു നടുവിലൂടെ ആ യാത്രയും അദ്ദേഹം ചിരിച്ചു കൊണ്ടു പൂർത്തിയാക്കും.. പ്രാർഥനകൾ…






