Timely news thodupuzha

അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

അട്ടപ്പാടി: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മിന്നൽ സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു.

കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല.

മന്ത്രി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്ന ആശുപത്രികൾക്ക് പുറമെയാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി.

മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തും.

തുടർന്ന് എം.എല്‍.എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കുന്ന ജില്ലയുടെ അവലോകനവും നടക്കും. ഒക്‌ടോബര്‍ ഒന്‍പതാം തീയതി ആരംഭിച്ച ആര്‍ദ്രം ആരോഗ്യം പരിപാടിയിൽ ഇതുവരെ വിവിധ ജില്ലകളിലായി ഇതുവരെ 82 ആശുപത്രികളാണ് മന്ത്രി സന്ദര്‍ശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *