കണ്ണൂർ: മുസ്ലീംലീഗിനെ ഭയപ്പെടുത്തി ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എന്നാൽ ലീഗ് യു.ഡി.എഫിൽ നിന്ന് അകന്നു പോകുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ.
മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കും കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതിൽ ഒരു തടസ്സവും ഇല്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.
പലതരത്തിലുള്ള സമ്മർദമാണ് കോൺഗ്രസ് ലീഗിന് നൽകുന്നത്. അതിനാൽ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ല. യു.ഡി.എഫിൽ ഘടകക്ഷികൾ അസംതൃപ്തരാണെന്നും ഇ.പി പറഞ്ഞു.
കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുളളൂ. പലസ്തീൻ വിഷയത്തിൽ ശശി തരൂർ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി.
ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിർപ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണോയെന്ന് ലീഗ് തീരുമാനിക്കണം. സി.പി.എം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റമാണുള്ളത്.
നവകേരള സദസിന് ശേഷം മന്ത്രിസഭാ പുനഃക്രമീകരണം ഉണ്ടാകും. നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്(ബി) ആവശ്യപ്പെട്ടിട്ടില്ല.കേരളീയം ധൂർത്താണെന്ന് പറയുന്നതിൽ അർഥമില്ല. കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവൻ ചലിക്കുകയാണെന്നും ഇ.പി പറഞ്ഞു.