തിരുവനന്തപുരം: രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം ഉണ്ടാക്കണമെന്നും റബ്ബർ,നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച തടയണമെന്നും ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ 5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി കേരള മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ് ഡോ ജോസ്കുട്ടി ഒഴുകയിൽ, ഗ്ലോബൽ സമിതി അംഗം ജേക്കബ് നിക്കോളാസ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഈ പ്രശ്നങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അതിജീവന യാത്രക്ക് മുന്നോടിയായാണ് കേരളത്തിലുടനീളം ഒപ്പ് ശേഖരണം നടത്തി 5 ലക്ഷം പേരുടെ ഭീമഹർജി തയ്യാറാക്കിയത്.
വന്യമൃഗങ്ങളെ തുരത്തുവാൻ ഉള്ള ടാസ്ക് ഫോഴ്സ് അംഗങ്ങളായി വനാതിർത്തികളിൽ താമസിക്കുന്ന കർഷകരെ നിയമിച്ച്, അവർക്ക് വേതനം നൽകുന്ന തലത്തിൽ സർക്കാർ തീരുമാനം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.പ്രശ്നം പരിഹരിക്കുവാൻ നിയമ നിർമ്മാണം ഉണ്ടാകണം.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപങ്ങളിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ടു.
കാർഷികോൽപ്പന്ന വിലതകർച്ച മൂലം നിരവധി കർഷകർ ആല്മഹത്യ ചെയ്യുന്നു.റബ്ബർ വില 250 എങ്കിലും ആക്കുവാൻ സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കേരളത്തിലെ റബർ കർഷകർക്ക് നിലനിൽക്കാൻ സാധിക്കില്ലായെന്ന് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നെല്ല് കർഷക പ്രശ്നവും നാളികേര വിലയിടിവും തടയുവാൻ സർക്കാർ ഇടപെടണം.
പിന്നോക്കാവസ്ഥയിലുള്ള കൈസ്തവരുടെ ജീവിത പ്രേതിസന്ധികൾ പരിഹരിക്കുവാൻ സമർപ്പിച്ചിട്ടുള്ള ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും,സമയബന്ധിത നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ ഒരു വിദഗ്ദസമിതിയെ സർക്കാർ നിയോഗിച്ച് കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭീമഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിച്ച മുഖ്യമന്ത്രി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.






