Timely news thodupuzha

മുൻസിപ്പൽ ചെയർമാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും – യുഡിഎഫ്

തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത മുനിസിപ്പൽ ചെയർമാൻ കൗൺസിലർ സ്ഥാനത്ത് തുടരാൻ അയോഗ്യനായെന്നും ഹർജിയുമായി സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക്, എം എ കരീം, സനു കൃഷ്ണൻ എന്നിവർ പറഞ്ഞു. 

കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ മുനിസിപ്പൽ ചെയർമാൻ പന്ത്രണ്ടാം വാർഡിൽ നിന്നും തനി സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. എന്നാൽ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ എൽഡിഎഫ് സ്ഥാനാർത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശേഷം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലോ രാഷ്ട്രീയ മുന്നണിയിലോ ചേരുകയോ അവർക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയോ ചെയ്താൽ കൂറുമാറ്റ നിരോധന പ്രകാരം കുറ്റകരവും അത്തരം അംഗം അയോഗ്യനാകുന്നതുമാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടാം വാർഡിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. ഈ രണ്ട് മുന്നണികൾക്കും എതിരെയാണ് വാർഡിലെ ജനങ്ങൾ വിധിയെഴുതിയത്. വാർഡിലെ ജനങ്ങളുടെ ഇംഗിതത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സ്വതന്ത്രനായി വിജയിച്ച അംഗത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി വിധി പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം അംഗങ്ങൾ താൻ വോട്ട് ചെയ്യുന്ന മുന്നണിയിലോ പാർട്ടിയിലോ ചേരുന്നതിന് തുല്യമാണ്. സ്വതന്ത്രന് രാഷ്ട്രീയ പാർട്ടികളിലോ മുന്നണികളിലോ ചേരാൻ അവകാശമില്ല. ഇതിനാൽ ചെയർമാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്യുമെന്ന് അവർ പറഞ്ഞു. 

കഴിഞ്ഞ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച ജെസ്സി ജോണി കൂറു മാറിയതിനെ തുടർന്ന് അവരുടെ അംഗത്വം ഹൈക്കോടതി അസാധുവാക്കിയിരുന്നു. പതിനൊന്നാം വാർഡ് അംഗം മാത്യു ജോസഫിൻ്റെ അംഗത്വവും കൂറുമാറ്റത്തെ തുടർന്ന് ഹൈക്കോടതി അസാധുവാക്കി. കൂറുമാറ്റക്കാർക്ക് എതിരെയുള്ള ശക്തമായ നിലപാട് യുഡിഎഫ് തുടരും. 

തൊടുപുഴ നഗരസഭയിൽ പുതിയ വൈസ് ചെയർമാൻ വന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുക മാത്രമാണ് ചെയ്യുന്നത്. വികസന സ്തംഭനവും അഴിമതിയും നഗരസഭയിൽ കൊടികുത്തി വാഴുകയാണ്. ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഭരണ നേതൃത്വത്തിന് കഴിയുന്നില്ല. കഴിഞ്ഞ 3 വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച ഒരു പദ്ധതി പോലും നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *