ഇടുക്കി: വന്യജീവി – പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ക്രിക്കറ്റ് താരങ്ങള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കേരളത്തില്‍ നിന്നും എം എന്‍ ജയചന്ദ്രനും പെരിയാര്‍ കടുവ സങ്കേതത്തിലെ സാബു ജോര്‍ജും അടക്കമുള്ളവര്‍ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ് വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന അവാര്‍ഡ്.
ബാങ്കളൂര് ചിന്നസാമി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്‍ഡ്യന്‍ ക്യാപ്ടന്‍ ജി.ആര്‍ വശ്വനാഥ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സാബു ജോര്‍ജിന് പുറമെ എ അരുണ്‍ കുമാര്‍ – കോയമ്പത്തുര്‍, വെങ്കടേഷ്, രാഘവേന്ദ്ര ഗൗഡ-കര്‍ണാടക എന്നിവര്‍ക്കാണ് വൈല്‍ഡ് ലൈഫ് സര്‍വീസ് അവാര്‍ഡ്. എം.എന്‍ ജയചന്ദ്രന്‍, സുധീര്‍ ഷെട്ടി – കര്‍ണാടക എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ സിവിലിയര്‍. ഇടുക്കി എസ്.പി.സി.എ ഭാരവാഹിയാണ് ജയചന്ദ്രന്‍. കാല്‍ നൂറ്റാണ്ടായി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയില്‍ ഇതിനോടകം 14 ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡ്, വി.എസ് ലക്ഷ്മണ്‍,റോഗര്‍ ബിന്നി, സന്ദീപ് പാട്ടില്‍, യൂസഫ് പത്താന്‍, വരുണ്‍ അരുണ്‍, മുരളി വിജയ്, സുനില്‍ ജോഷി, മായാങ്ക് അഗര്‍വാൾ, കെ.എല്‍ രാഹുല്‍ എന്നിവര്‍ അവാര്‍ഡ് ലഭിച്ചവരെ ആദരിച്ചു.