തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്ക് കൈത്താങ്ങായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകുന്ന വർക്ക് ഷെഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. അഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. കുടുംബശ്രീയിൽ എസ്.എച്ച്.ജി സംരഭമായി രജിസ്റ്റർ ചെയ്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്കാണ് അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗ്രാമപഞ്ചായത്ത് അവരുട യൂണിറ്റ് പ്രവർത്തിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ച് നൽകുന്നത്.
പെരിങ്ങാശ്ശേരി ശ്രീഭദ്ര പ്രകൃതി സൗഹൃദ പേപ്പർ ബാഗ് യൂണിറ്റിന് നിർമ്മിച്ച് നൽകുന്ന കെട്ടിടത്തിൻ്റെ തറക്കല്ലിടൽ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ആർ ഗോപി, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, സി.ഡി.എസ് അംഗം തങ്കമണി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി എൻജിനീയർ അനീന എബ്രഹാം സ്വാഗതവും എസ്.എച്ച്.ജി കൺവീനർ രമ്യ റെജി നന്ദിയും പറഞ്ഞു.