തൊടുപുഴ: രാജ്യത്തെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം ഇരുപതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ പുരോഗമനപരമായി ചിന്തിക്കുന്ന മുഴുവൻ തൊഴിലാളി സംഘടനകളും അണിനിരന്നിരിക്കുകയാണ്. ഈ പ്രതിസന്ധികളെ മുറിച്ചു കിടക്കുവാൻ യോജിച്ചുള്ള പ്രക്ഷോഭമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിന് മാതൃകാപരമായി നേതൃത്വം നൽകുവാൻ കെജിഡിഎ യ്ക്ക് സാധിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ. തൊടുപുഴ മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ കേരള ഗവൺമെൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ 58 -ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വാഴൂർ സോമൻ.
സ്വാഗതസംഘം ചെയർമാൻ ഡി ബിനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഐറ്റിയുസി ജില്ലാ ട്രഷറർ പി പി ജോയി, സിഐറ്റിയു ജില്ലാ വൈസ് പ്രസിഡണ്ട് റ്റി ആർ സോമൻ, ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗം സി മനോജ് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് പി കെ ബിജു സ്വാഗതം അർപ്പിച്ചു. സി വി സജി രക്തസാക്ഷി പ്രമേയവും, സജിമോൻ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന സെമിനാർ ജോയിൻറ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി സി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻറ് ഡോ: നിഷാന്ത് എം പ്രഭ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ല സെക്രട്ടറി രാജേഷ് ബേബി, സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ എസ് രാഗേഷ് തുടങ്ങിയവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു. കെജിഡിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബഷീർ വി മുഹമ്മദ് അധ്യക്ഷത വഹിച്ച സെമിനാറിൽ കെ ജി ഡി എ മുൻ സംസ്ഥാന പ്രസിഡൻറ് ജി രമേശ് സ്വാഗതവും, കെ ജി ഡി എ സംസ്ഥാന സെക്രട്ടറി ഒ അശോകൻ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് വൈകിട്ട് നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്ത പ്രകടനവും നടന്നു.