കട്ടപ്പന: ഇടുക്കി കട്ടപ്പന കൊമ്പോടിഞ്ഞാലിൽ നാലു പേർ വെന്തു മരിച്ച സംഭവത്തിൽ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ഷൻ അധികൃതർ. ഷോർട്ട് സർക്യൂട്ടാണെങ്കിൽ വീട് പൂർണമായും കത്തി നശിക്കില്ലെന്നാണ് നിഗമനം.
വീടിന് 50 വർഷത്തിലേറെ പഴക്കമുള്ളതിനാൽ ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്നായിരുന്നു പ്രഥമിക കണ്ടെത്തൽ. വീട്ടിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചാലേ അപകടകാരണം വ്യക്തമാവൂ. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്.
ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, ശുഭയുടെ അമ്മ പൊന്നമ്മ, മക്കളായ അഭിനവ്, അഭിനന്ദ് എന്നിവരാണ് മരിച്ചത്. ശുഭയുടെ ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ശുഭയും മക്കളും അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ശുഭയ്ക്ക് വിഷാദ രോഗമുണ്ടായിരുന്നതായി സൂചനയുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. വീട് പൂർണമായും കത്തി നശിച്ചു.
സംഭവത്തിനു പിന്നാലെ വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. എപ്പോഴാണ് തീപിടിത്തമുണ്ടായതെന്നോ എന്താണ് സംഭവിച്ചതെന്നോ പ്രദേശവാസികൾക്ക് ആർക്കും തന്നെ അറിവില്ല.