കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കുമെന്നും ശോഭ പറഞ്ഞു. ജീവിതം തന്നെ ഈ സമൂഹത്തിനു വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഞങ്ങൾക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട.
സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വീണാ ജോർജിനെ കൊണ്ട് ക്ഷ വരപ്പിക്കാനുള്ള തൻറേടം ബി.ജെ.പിക്കുണ്ടെന്നും ശോഭ പറഞ്ഞു. ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളെജിൽ പാവപ്പെട്ട അമ്മയും കുഞ്ഞും മരിച്ചിട്ട് ആരോഗ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുത്തോ? രാജിവച്ചോ? എന്നിട്ടിപ്പോൾ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. കണ്ടാമൃഗത്തിൻറെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും അവർ പരിഹസിച്ചു.