തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ പുത്തൻ പാഠങ്ങൾ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്‌കൂളുകളിലെ കുട്ടി കർഷകർ. സ്‌കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നത്.

കൃഷി അങ്കണത്തിന്റെ പ്രവർത്തന രീതിക്ക് കൃഷി ചെയ്യാൻ നിലം വേണ്ടായെന്നതാണ് പ്രത്യേകത. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചട്ടികളിൽ പച്ചക്കറി കൃഷിയ്ക്കുള്ള തൈകളും വളവും പഞ്ചായത്ത് സൗജന്യമായി നൽകും. ഇതിനാവശ്യമായ തൈകൾ കൃഷിഭവൻ വഴിയാണ് വിതരണം ചെയ്യുന്നത്. ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, ചീനി, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഓരോ സ്‌കൂളിലും കുട്ടികളുടെ നേതൃത്വത്തിൽ അധ്യാപകരും, പി.ടി.എ. ഭാരവാഹികളും ചേർന്ന് പച്ചക്കറി തൈകൾ നടും. തൈകൾക്ക് വെള്ളം കൊടുക്കൽ മുതൽ കീടനാശിനികളില്ലാതെ പരിപാലനം വരെ എല്ലാം കുട്ടികളാണ് ചെയ്യുന്നത്. 450 പച്ചക്കറി ചട്ടികളാണ് സ്‌കൂളുകൾക്ക് വിതരണം ചെയ്തത്.
കരിപ്പലങ്ങാട് ഗവ. യു.പി. സ്‌കൂൾ , പൂച്ചപ്ര ഗവ. ഹൈസ്‌കൂൾ, വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസ്., വെള്ളിയാമറ്റം സെന്റ് ജോസഫ് യു.പി. സ്‌കൂൾ, വെട്ടിമറ്റം ഗവ. എൽ.പി. സ്‌കൂൾ, ഇളംദേശം സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ, പന്നിമറ്റം സെന്റ് ജോസഫ് എൽ.പി. സ്‌കൂൾ, പൂമാല ട്രൈബൽ എച്ച്.എസ്. സ്‌കൂൾ, നാളിയാനി ഗവ. എൽ.പി. സ്‌കൂൾ എന്നീ ഒമ്പത് സ്‌കൂളുകളിലെ കുട്ടികളാണ് കൃഷി അങ്കണത്തിൽ പങ്കാളികളാകുന്നത്.
സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് 2023-24 സാമ്പത്തികവർഷത്തെ പദ്ധതിയായി ഇത് നടപ്പിലാക്കുന്നത്. പദ്ധതി മുൻവർഷങ്ങളിൽ വിജയകരമായി നടപ്പിലായതിനാൽ ഈ വർഷവും പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. പദ്ധതി നടപ്പാക്കുവാൻ വെള്ളിയാമറ്റം സർവീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.
വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്. സ്‌കൂളിൽ കുട്ടികളോടൊപ്പം പച്ചക്കറി തൈ നട്ടു പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗങ്ങളായ പോൾ സെബാസ്റ്റ്യൻ, വി.കെ. കൃഷ്ണൻ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, കൃഷി അസിസ്റ്റന്റ് അരുൺകുമാർ പി.ഡി., സ്‌കൂൾ പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, എച്ച.എം. സന്തോഷ്‌കുമാർ പി.എസ് തുടങ്ങിയവരും പങ്കെടുത്തു.