Timely news thodupuzha

ഇടുക്കിയിൽ കാറിന് തീ പിടിച്ചു

ഇടുക്കി: മൂലമറ്റം – വാഗമൺ റൂട്ടിൽ കാറിന് തീ പിടിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ കഴിഞ്ഞ ദിവസ രാത്രി 10.40 നാണ് സംഭവം ഉണ്ടായത്. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേൽ രാജ് കൃഷ്ണയുടെ കാറിനാണ് തീപിടിച്ചത്. രാജ് കൃഷ്ണയുൾപ്പെടെ നാല് പേർ വാഗമൺ സന്ദർശിച്ചതിനു ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്.

ഉടൻതന്നെ അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു. മൂലമറ്റത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിൻ്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനമാരഭിച്ചു. പ്രധാന പാതയിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള ഇടുങ്ങിയ റോഡിലാണ് കാറിന് തീ പിടിച്ചത്. അതുകൊണ്ട് സേനയുടെ വലിയ വാഹനത്തിന് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ പ്രയാസമായിരുന്നു. അതിനാൽ ജീവനക്കാർ സേനയുടെതന്നെ ജീപ്പിൽ പത്തോളം ഫയർ എക്സ്റ്റിംഗ്യൂഷറുകളുമായി(പ്രാഥമിക അഗ്നി ശമന ഉപകരണം) തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടർച്ചയായി പ്രവർത്തിപ്പിച്ച് തീ അണയ്ക്കുകയായിരുന്നു.

2013 മോഡൽ ഡസ്റ്റർ കാർ ആണ് തീ പിടിച്ചത്. തീ പിടിച്ചപ്പോൾ തന്നെ എല്ലാവരും പുറത്തിറങ്ങിയെങ്കിലും ഒരാളുടെ മൊബൈൽ ഫോൺ വാഹനത്തിൽ ആയിരുന്നതിനാൽ അതും കത്തിനശിച്ചു. സീനിയർ ഫയർ & റെസ്ക്യു ഓഫീസർമാരായ ബൈജു ടി പി, ബിബിൻ എ തങ്കപ്പൻ, ഫയർ & റെസ്ക്യു ഓഫീസർ (ഡ്രൈവർ) മാരായ സിജു എം പി, ജിനീഷ് ടി ആർ, സീനിയർ ഫയർ & റെസ്ക്യു ഓഫീസർ (ഗ്രേഡ്) സന്ദീപ് കെ, ഫയർ & റെസ്ക്യു ഓഫീസർമാരായ മനു ആൻ്റണി, പ്രശാന്ത് കെ, അരുൺ എം വി, ഹോം ഗാർഡ് സതീഷ് കുമാർ എം ടി എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *