തൊടുപുഴ: കെസിഎൽ രണ്ടാം സീസണിൽ, ഇടുക്കിയുടെ സാന്നിധ്യമായി അഞ്ച് താരങ്ങളാണുള്ളത്; സച്ചിൻ ബേബി, അഖിൽ സ്കറിയ, ജോബിൻ ജോബി, ആനന്ദ് ജോസഫ്, അജു പൌലോസ്. ഇതിൽ അജു പൌലോസ് ഒഴികെയുള്ള നാല് താരങ്ങളും കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ചവരാണ്. കഴിഞ്ഞ സീസണിൽ കപ്പുയർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിൻ്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ ബേബി. ഏറ്റവും കൂടുതൽ റൺസുമായി ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിൻ തന്നെ. ഇടുക്കിയിൽ നിന്ന് തന്നെയുള്ള അഖിൽ സ്കറിയ ആയിരുന്നു കഴിഞ്ഞ സീസണിലെ മികച്ച ബൗളർ. ഇതിന് പുറമെ ബാറ്റിങ്ങിൽ തിളങ്ങി ജോബിൻ ജോബിയും വിക്കറ്റ് വേട്ടയിലൂടെ ശ്രദ്ധേയനായി ആനന്ദ് ജോസഫും. രണ്ടാം സീസണിലും മികവ് തുടരാനുള്ള തയ്യാറെടുപ്പിലാണ് ഇവരെല്ലാം.
സച്ചിൻ ബേബിയുടെ മികവിലായിരുന്നു കഴിഞ്ഞ തവണ ഏരീസ് കൊല്ലം സെയിലേഴ്സ് കപ്പുയർത്തിയത്. 12 മല്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയുമായി 528 റൺസാണ് സച്ചിൻ നേടിയത്. ഇതിൽ ഫൈനലിലെ സെഞ്ച്വറി ആദ്യ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് കൂടിയായിരുന്നു. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്ന് കൊല്ലം കപ്പുയർത്തിയത് 54 പന്തുകളിൽ 105 റൺസുമായി പുറത്താകാതെ നിന്ന സച്ചിൻ്റെ മികവിലാണ്. സച്ചിനെ ഏഴര ലക്ഷം നല്കിയാണ് കൊല്ലം ഇത്തവണയും നിലനിർത്തിയത്.
മറുവശത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനായി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമാണ് അഖിൽ സ്കറിയ. 12 മല്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളുമായാണ്, അഖിൽ കഴിഞ്ഞ സീസണിലെ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ ടൈറ്റൻസിനെതിരെയുള്ള അർദ്ധ സെഞ്ച്വറിയടക്കം ബാറ്റിങ്ങിലും തിളങ്ങി. അണ്ടർ 14 തലം മുതൽ കേരള ക്രിക്കറ്റിൻ്റെ ഭാഗമായ അഖിൽ കെസിഎ അക്കാദമിയിലൂടെ വളർന്ന് വന്ന താരം കൂടിയാണ്. അഖിലിനെ 3.75 ലക്ഷത്തിനാണ് കാലിക്കറ്റ് നിലനിർത്തി്യത്.
കഴിഞ്ഞ തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പമായിരുന്ന ജോബിൻ ജോബിയെ ലേലത്തിലൂടെ ഇത്തവണയും കൊച്ചി തന്നെ നിലനിർത്തി. 85000 രൂപയ്ക്കാണ് കൊച്ചി ജോബിനെ സ്വന്തമാക്കിയത്. കൗമാര താരമായെത്തി ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ച താരങ്ങളിൽ ഒരാളാണ് ജോബിൻ ജോബി. 10 മല്സരങ്ങിൽ നിന്ന് രണ്ട് അർദ്ധ സെഞ്ച്വറിയടക്കം 252 റൺസ് നേടിയ ജോബിനായിരുന്നു കൊച്ചിയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം. ബൗളറെന്ന നിലയിൽ കൂടി മികവ് തെളിയിച്ചാണ് ജോബിൻ ഇത്തവണ ലീഗിനെത്തുന്നത്. ബാറ്റിങ്ങിനൊപ്പം ബൌളിങ്ങിലും തിളങ്ങിയ ജോബിൻ കെസിഎ പ്രസിഡൻസ് കപ്പിൽ പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ ആലപ്പി റിപ്പിൾസിനായി കളിച്ച ആനന്ദ് ജോസഫ് ഇത്തവണ തൃശൂരിന് വേണ്ടിയാണ് കളത്തിലിറങ്ങുക. 1.10 ലക്ഷത്തിനാണ് തൃശൂർ ആനന്ദിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ആലപ്പിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു പത്ത് വിക്കറ്റുകളുമായി ആനന്ദ് ജോസഫ്. ഇത്തവണ ആദ്യമായി ലീഗ് കളിക്കാനൊരുങ്ങുന്ന അജു പൗലോസും തൃശൂരിന് വേണ്ടി തന്നെയാണ് ഇറങ്ങുക.75000 രൂപയ്ക്കാണ് തൃശൂർ അജുവിനെ ടീമിലെത്തിച്ചത്.





