തൊടുപുഴ: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്ര പദ്ധതി പ്രകാരം ഇളംദേശം ബ്ളോക്ക് പഞ്ചായത്തിന് അനുവദിച്ച ഒരു കോടി 40 ലക്ഷം രൂപ വിനിയോഗിച്ച് വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളിയിൽ നിർമ്മാണം പൂർത്തിയാക്കിയ സദ്ഭാവനാ മണ്ഡപം മൂന്നിന് ഉച്ചക്ക് 12ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കേസ് എം.പി, ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് മെമ്പർ മാത്യു കെ ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇളംദേശം ബ്ളോക് പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ വരുന്ന വെള്ളിയാമറ്റം ആലക്കോട് കുടയത്തൂർ എന്നീ പഞ്ചായത്തുകളിലെ യുവജനങ്ങൾക്കും വയോജനങ്ങൾക്കും ഉപകാരപ്രദമാകുന്നതിന് ലക്ഷ്യമിട്ടാണ് സദ്ഭാവനാ മണ്ഡപം പണി പൂർത്തീകരിച്ചിട്ടുള്ളത്. കലാകായിക രംഗവും സാംസ്കാരിക ഉന്നമനവും വളർത്തുന്നതിനുള്ള കർമ്മ പദ്ധതികളും സദ്ഭാവനാ മണ്ഡപത്തിന്റെ പ്രവർത്തന പരിധിക്കുളിൽ വരും.
ഉദ്ഘാടന യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും. പി.ജെ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാക്ഷണവും ജില്ലാ കളടർ ദിനേശൻ ചെറുവാത്ത് റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ – ബ്ളോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.






