Timely news thodupuzha

മുക്കുപണ്ടം പണയം വച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ മുക്കുപണ ആണങ്ങൾ പണയം വച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ പ്രതികളെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. 13/06/2026 മുതൽ 27/07/2026 വരെയുള്ള കാലയളവിലാണ് സംഘം തട്ടിപ്പു നടത്തിയത്. പ്രതികളിലൊരാളായ കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു ആദ്യം സ്ഥാപനത്തിലെത്തി രണ്ട് തവണയായി ഒറിജിനൽ സ്വർണ്ണാഭരണം പണയം വച്ചു. അങ്ങനെ സ്റ്റാഫുകളെ വിശ്വാസത്തിലെടുത്ത ശേഷം ഇയാൾ കൂട്ടുപ്രതികളുമായി ചേർന്ന് 13 പ്രാവശ്യം ഹാൾ മാർക്ക് മുദ്രയുള്ള മുക്കുപണ്ട ആദരണങ്ങൾ പണയം വെച്ച് പൈസ കൈക്കലാക്കി. സ്ഥാപനത്തിലെ ഓഡിറ്റിംഗിലാണ് വിഷ്ണുവും കൂട്ടരും പണയം വച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 29 ന് വീണ്ടും പണയം വയ്ക്കാനായി വിഷ്ണു കൂട്ടുപ്രതിയായ വയനാട് മൂലകാവ് സ്വദേശി രാഹുലുമായി എത്തിയ സമയം ജീവനക്കാർ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥാപനത്തിൻറെ മാനേജറുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പോലീസ് വിഷ്ണുവിനേയും രാഹുലിനേയും അന്നേ ദിവസം കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തും ബന്ധമുള സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസിനു അറിവു കിട്ടി. തുടർന്ന് പണം കൈപ്പറ്റിയിരുന്ന ഇടുക്കി സ്വദേശിയായ ലിബിൻ സേവ്യറെ(34) മൂവാറ്റുപുഴ ഭാഗത്തു നിന്നും തട്ടിപ്പ് ആസുത്രണം ചെയ്ത് ആഭരണങ്ങൾ സ്വർണ്ണം പൂശി നിർമ്മിച്ച് മറ്റ് പ്രതികൾക്ക് വിൽപ്പന നടത്തിയ കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജിനെ(42) ഒളിസങ്കേതത്തിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ചു വരുന്ന ആഭരണങ്ങളും നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടേയും നിർദേശ പ്രകാരം എറണാകുളം എ.സി.പി: കെ.ജെ പീറ്റർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ആർ ജഗീഷ്, മിഥുൻ മോഹൻ, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പി.വി സിഘോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എ അനീഷ്, ജിപിൻലാൽ, അഖിൽ പത്മൻ എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിൻറെ സഹായത്തോടെ എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നു കണ്ടെത്തി അറസ്റ്റ് ചെയ്തത്. സംഘം സ്ഥിരമായി തട്ടിപ്പിനുപയോഗിച്ചുവരുന്ന മൊബൈൽ ഫോണുകളും വ്യാജ മേൽ വിലാസങ്ങളിലുള്ള സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് സംഘം പണയ സ്ഥാപനങ്ങളെയും നിരവധിയാളുകളെയും കബളിപ്പിച്ച് പണം തട്ടിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിഷ്ണു, ലിബിൻ സേവ്യർ, അർഷൽ എന്നിവരുടെ പേരിൽ നിരവധി കേസ്സുകൾ നിലവിലുണ്ട്. തട്ടിപ്പിൽ പങ്കെടുത്ത മറ്റ് പ്രതികളെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *