കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന പഴം പച്ചക്കറി വിപണി പ്രവർത്തനം ആരംഭിച്ചത്. കോതമംഗലത്തെ വിവിധ പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും അഗ്രോ സർവീസ് സെന്റർ നാടൻ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങി വാഹനത്തിൽ വിവിധ സ്ഥലങ്ങളിൽ വിപണനം നടത്തുകയാണ് ചെയ്യുന്നത്.

സഞ്ചരിക്കുന്ന വിപണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, ജെയിംസ് കൊറമ്പേൽ, സാലി അയ്പ്പ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റ്റി.കെ കുഞ്ഞുമോൻ, ഡയനാ നോബി, നിസാമോൾ ഇസ്മായിൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, കർഷകർ, ആഗ്രോ സർവീസ് സെന്റർ ടെക്‌നിഷ്യന്മാർ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ പടിയായി ആഴ്ചയിൽ രണ്ടു ദിവസം കോതമംഗലം ടൗണിൽ വിപണി പ്രവർത്തിക്കുന്നതാണ്. പിന്നീട് പ്രവർത്തനം വിപുലപെടുത്തുമെന്നും അധികൃതർ അറിയിച്ചു.






