Timely news thodupuzha

മലങ്കര ഡാമിൽ രാസമാലിന്യം പടർന്നു; വെള്ളിയാമറ്റം വടക്കനാറിൽ നിന്നുമാണ് ഡാമിലേക്ക് രാസമാലിന്യം ഒഴുകിവരാൻ തുടങ്ങിയത്

ഇടുക്കി: വെള്ളിയാമറ്റം വടക്കനാറിലൂടെ വ്യാപകമായി രാസവസ്തുക്കൾ ഒഴുകിയെത്തി മലങ്കര ജലാശയത്തിൽ പരന്നത് ആശങ്ക പടർത്തി. വെള്ളിയാഴ്ച പുലർച്ചെ മുതൽ കണ്ട ഈ പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. രാവിലെ പുഴയോരത്തെത്തിയ നാട്ടുകാരാണ് പുഴയുടെ ഒഴുക്കിൽ എണ്ണ പോലെയുള്ള കറുത്ത പാടയും രൂക്ഷമായ കെമിക്കൽ ഗന്ധവും ആദ്യം ശ്രദ്ധിച്ചത്. ഇതോടെ പുഴയോരത്തെ കൃഷിയിടങ്ങളിലും കുടിവെള്ള പദ്ധതികളിലും ആശങ്ക പരന്നു. മണിക്കൂറുകൾക്കുള്ളിൽ ഓയിൽ മലങ്കര ജലാശയത്തിന്റെ ഭാഗങ്ങളിലേക്ക് എത്തുകയും ജലാശയത്തിന്റെ ഉപരിതലത്തിൽ എണ്ണപ്പാട വൻതോതിൽ വ്യാപിക്കുകയും ചെയ്തു. ഹെക്ടറുകണക്കിന് കൃഷിയിടങ്ങൾക്ക് നടുവിലൂടെയാണ് പുഴ ഒഴുകുന്നത്. വെള്ളത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കന്നുകാലികൾക്ക് പോലും വെള്ളം കൊടുക്കാൻ ഭയമാണെന്നും നാട്ടുകാർ പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പോലീസും പഞ്ചായത്തും കൃഷി വകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചു. മലങ്കര ജലാശയം തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ മേഖലകളിലെ നിരവധി കുടിവെള്ള പദ്ധതികളുടെ ശുദ്ധജല സ്രോതസ്സുമാണ്. ഇതിനു പുറമേ ആയിര കണക്കിന് ഹെക്ടർ സ്ഥലത്തെ കൃഷിയിടങ്ങളിലും മലങ്കര ജലാശയത്തിൽ നിന്നുള്ള വെള്ളമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്. ജലാശയം മലിനമായാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കും ഭീഷണിയാകും.

ജലാശയത്തിൽ വസിക്കുന്ന മത്സ്യങ്ങളും ജലജീവികളും കൂട്ടത്തോടെ നശിക്കാനുള്ള സാധ്യതയുമുണ്ട്. രാസവസ്തു ഒഴുകി എത്തിയതിൻ്റെ ഉറവിടം അടിയന്തരമായി കണ്ടെത്തുക, മലിനമായ വെള്ളം ശുദ്ധീകരിക്കുക, ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നീ കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിന് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *