Timely news thodupuzha

logo

സംസ്ഥാനം അഭിമാനാർഹമായ വളർച്ച നേടി; സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം: അർഹമായ വിഹിതത്തിനും അവകാശപ്പെട്ട വായ്പയ്ക്കും കേന്ദ്ര സർക്കാരുമായി ശക്തമായി പൊരുതി നിൽക്കുമ്പോഴും, സംസ്ഥാനം അഭിമാനാർഹമായ വളർച്ച നേടിയെന്ന്‌ സാമ്പത്തിക അവലോകന റിപ്പോർട്ട്‌.

സർക്കാരിന്റെ നയപരമായ ഇടപെടലുകളും ഉത്തേജക പാക്കേജുകളും സഹായമായെന്നും റിപ്പോർട്ട്‌ വിലയിരുത്തുന്നു. 2022 – 2023ൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം(ജി.എസ്‌.ഡി.പി) 6.6 ശതമാനവും നികുതി വരുമാനം 23.36 ശതമാനവും വളർച്ച നേടി. അതേസമയം, പൊതുകടം 0.79 ശതമാനം കുറഞ്ഞു.

റവന്യു കമ്മിയും(0.88) ധനകമ്മിയും(2.44) കുറഞ്ഞു. സേവന – വ്യാവസായിക മേഖലയിലും നേട്ടമുണ്ടാക്കി. സാമൂഹ്യ പ്രതിബദ്ധതകളിൽ വിട്ടുവീഴ്ചയില്ലാതെ, ഉയർന്ന പശ്ചാത്തല സൗകര്യത്തിനടക്കം നിക്ഷേപം തുടരാനുമാണ്‌ സർക്കാൻ തീരുമാനം.

കോവിഡ്‌ മഹാമാരിമൂലമുണ്ടായ കൊടിയ തളർച്ചയിൽപ്പെട്ട സംസ്ഥാന സമ്പദ്‌വ്യവസ്ഥ തുടർച്ചയായ രണ്ടാംവർഷമാണ്‌ ആശാവഹമായ വളർച്ച രേഖപ്പെടുത്തുന്നത്‌.

ജി.എസ്.ഡി.പിയിലെ മേഖല തിരിച്ചുള്ള കണക്കുകൾ പ്രകാരം എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചു. ജനങ്ങളുടെ മാനവ വിഭവ ശേഷി വികസനത്തിലും വരുമാനത്തിലും ജീവനോപാധിയിലും സർക്കാർ നടത്തിയ നിക്ഷേപത്തിന്റെ പ്രതിഫലനം കൂടിയാണ്‌ സംസ്ഥാനത്തിനു ലഭിച്ച അംഗീകാരങ്ങൾ.

നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക 2023 പ്രകാരം ഇക്കുറിയും ദാരിദ്ര്യം ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. സുസ്ഥിര വികസന ലക്ഷ്യ സൂചികയിലും മുന്നിൽ.

മാനവ വികസന, ആരോഗ്യ വികസന സൂചികകളിലും ഒന്നാമത്‌. യുവാക്കൾക്ക്‌ തൊഴിൽ നൽകുന്നതിൽ രണ്ടാം സ്ഥാനം. വിനോദ സഞ്ചാര മേഖലയിൽ ദേശീയ തലത്തിൽ ശ്രദ്ധേയ അംഗീകാരങ്ങൾ നേടി.

പരിമിതമായ വിഭവത്തെ എപ്രകാരം ബദലും ജനകീയവുമായി വിനിയോഗിക്കാമെന്നതിന്റെ തെളിവാണ്‌ ഈ നേട്ടങ്ങൾ. വരുമാനം വർധിപ്പിച്ചും ചെലവ്‌ യുക്തി സഹമാക്കിയുമാണ്‌ മുന്നോട്ടു പോകുന്നത്‌.

Leave a Comment

Your email address will not be published. Required fields are marked *