Timely news thodupuzha

logo

ഭാര്യയും ഭര്‍ത്താവും തമ്മില്‍ നല്ല ധാരണ വേണം; അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി

തൊടുപുഴ: ഒരു കുടുംബം ഏതു രീതിയില്‍ ജീവിക്കണം എന്നുള്ളതിനെപ്പറ്റി ഭാര്യയ്ക്കും ഭര്‍ത്താവിനും തമ്മില്‍ നല്ല ധാരണ വേണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഇടുക്കി ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്‌നേഹവും കരുതലും ഭര്‍ത്താവും ഭാര്യയും പരസ്പരം പങ്കുവയ്ക്കണം. ജീവിതത്തില്‍ അധ്വാനിക്കുന്നതിനും കുടുംബം നോക്കുന്നതിനുമൊപ്പം പങ്കാളിക്കു സ്‌നേഹവും കരുതലും നല്‍കാന്‍ ദമ്പതികള്‍ ശ്രദ്ധിക്കണം. ഇതില്‍ വീഴ്ചയുണ്ടായാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകലുന്നതിന് കാരണമാകും. സോഷ്യല്‍ മീഡിയാ ഉപയോഗം മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ട്. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹവും പരസ്പര ധാരണയും ഇല്ലാതാകുന്നതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചു വരുകയാണ്.

തദ്ദേശസ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികളെ ശക്തമാക്കുന്നതിന് വനിതാ കമ്മിഷന്‍ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ ജാഗ്രതാ സമിതി പരിശീലനം തുടങ്ങി കഴിഞ്ഞു. എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രാദേശികമായിട്ടുള്ള പരാതികള്‍ ജാഗ്രതാ സമിതികള്‍ പരിഹരിക്കും. ഇടുക്കി ജില്ലയിലെ സിറ്റിംഗുകള്‍ മൂന്നാര്‍, കുമളി, പൈനാവ്, തൊടുപുഴ എന്നിവിടങ്ങളിലായി നടത്തുമെന്നും വനിത കമ്മിഷന്‍ അംഗം പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയത്. ആകെ 32 പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. 14 എണ്ണം തീര്‍പ്പാക്കി. രണ്ടു പരാതികള്‍ കൗണ്‍സിലിംഗിന് റഫര്‍ ചെയ്തു. മൂന്നു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിന് അയച്ചു. വനിത കമ്മിഷന്‍ സിഐ ജോസ് കുര്യന്‍, കൗണ്‍സിലര്‍ ജിസ്മി ജോസഫ്, വനിത ഹെല്‍പ്പ്‌ലൈന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *