Timely news thodupuzha

logo

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീർ (52) ആണ് ഉച്ച കഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. സക്കീറിനെ മർദിച്ച സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ,
മൻസൂർ, സലിമിൻ്റെ സഹോദരൻ സക്കീർ, ബസിലെ കണ്ടക്ടർ കോലാനി സ്വദേശി മനു, ഡ്രൈവർ മുതലക്കോടം സ്വദേശി അമൽ
എന്നിവർ റിമാൻഡിൽ കഴിയുകയാണ്.
തൊടുപുഴ നഗരസഭാ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ 23 ന് ഉച്ചക്കാണ് സംഭവം. പുറപ്പെടുന്ന സമയത്തെച്ചൊല്ലി ഈരാറ്റുപേട്ട റൂട്ടിലോടുന്ന അമ്മാസ്, ആനകെട്ടിപ്പറമ്പിൽ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. സംഘർഷത്തിനിടെ അമ്മാസ് ബസ് ഉടമയുടെ നേതൃത്വത്തിൽ സംഘം ചേർന്നുള്ള മർദനം ഏറ്റ സക്കീർ സ്‌റ്റാൻഡിൽ ബോധരഹിതനായി വീഴുകയായിരുന്നു. തലയിൽ സാരമായി പരുക്കേറ്റ സക്കീറിനെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ
പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞ് മരിച്ചു. സക്കീറിന്റെ പോസ്റ്റ‌്‌മോർട്ടം ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ ശേഷം കബറടക്കംശനിയാഴ്ച നടത്തും. ഭാര്യ നസീറ, മക്കൾ: മാഹിൻ, ഷെറിൽ ഫത്തിമ. വാടക വീട്ടിൽ കഴിയുന്ന കുടുംബം സക്കീറിൻ്റെ മരണത്തോടെ കടുത്ത പ്രതിസന്ധിയിലായി. രോഗബാധിതയായ ഭാര്യ നസീറ ഏറെ നാളായി ചികിത്സയിലാണ്.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തൊടുപുഴയിൽ ചിലർ നടത്തുന്ന നിയമ ലംഘനങ്ങളുടെ രക്ത സാക്ഷിയാണ് ഈ ബസ് ഡ്രൈവർ.എന്തു അതിക്രമവും സംരക്ഷിക്കുന്നത് മിടുക്കും അന്തസും ആണെന്ന് തെറ്റിദ്ധരിച്ച ചില ന്യൂ ജൻ പൊതു പ്രവർത്തകരുടെ തണലിലാണ് അക്രമികൾ എന്നും ആരോപണമുണ്ട്.പോലീസ് കാഴ്ചക്കാരുടെ റോളിലാണ്.കിഴക്കും പടിഞ്ഞാറും ഉള്ള നേതാക്കളുടെ നിർദേശം അനുസരിച്ച് മാത്രം പോലീസ് ക്രമസമാധാനം കൈകാര്യം ചെയ്യുന്ന സാഹചര്യമാണ്..

Leave a Comment

Your email address will not be published. Required fields are marked *