Timely news thodupuzha

logo

ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ല, അർഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ലെന്നും മറിച്ച് അർഹതപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസർക്കാർ സംസ്ഥാനത്തെ പലവിധത്തിലും സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്.

കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ മുടങ്ങാതെ നൽകി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് ശത്രുതാപരമായ സമീപനമാണ്. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം കുടിശികയാണ്. കണക്കുകൾ നൽകിയില്ല എന്ന നിർമല സീതാരാമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്.

കണക്കുകൾ നൽകിയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണ്. കണക്കുകൾ നൽകേണ്ടത് അക്കൗണ്ട്സ് ജനറൽ ആണ്. എ ജി കേന്ദ്ര സംവിധാനത്തിന് കിഴിൽ വരുന്നതാണ്. സംസ്ഥാനം നേരിട്ട് കൊടുക്കുകയല്ല ചെയ്യേണ്ടത്.

സംസ്ഥാനത്തോടും ജനതയോടും തുടർച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാൻ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയിൽ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്.

ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകൾ നിർമ്മിച്ചപ്പോൾ 32,171 വീടുകൾക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.

പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകൾക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകൾക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.

പി.എം.എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.

എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകൾക്ക് കേന്ദ്രത്തിൻറെ ബ്രാൻഡിങ് വേണം എന്നാണ്. ലൈഫ് വീടുകൾ ഒരു ബ്രാൻഡിങ്ങുമില്ലാതെ പൂർത്തിയാക്കി ജനങ്ങൾ ജീവിക്കണം എന്നതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.

എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ.

കേരളം സാമൂഹിക ഉന്നമനത്തിൻറേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാർഗമായി കാണുകയാണ് കേന്ദ്ര സർക്കാർ.

ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകേണ്ട വിഹിതം വർഷങ്ങളായി ഗുണഭോക്താക്കൾക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്.

പണം അകാരണമായി വർഷങ്ങൾ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മർദങ്ങൾക്കൊടുവിലാണ് 2021 ജനുവരി മുതൽ 2023 ജൂൺ വരെയുള്ള കേന്ദ്രത്തിൻറെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സർക്കാർ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാൽ സെപ്തംബറിൽ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡൽഹിയിൽ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു.

എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാൻ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥർക്കോ കഴിഞ്ഞില്ല. കേരളത്തിൽ ആകെ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതിൻറെ 16.62% പേർ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെൻഷൻ ഗുണഭോക്താക്കൾ. 8,46,456 പേർ.

80 വയസ്സിനു മുകളിലുള്ളവർക്കുള്ള വാർദ്ധക്യ പെൻഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതൽ 80 വയസ്സുള്ളവർക്ക് കേന്ദ്ര പെൻഷൻ വെറും 200 രൂപ. വിധവകൾക്കും വികലാംഗർക്കുമുള്ള കേന്ദ്ര പെൻഷൻ 300 രൂപ.

കേരളം കേന്ദ്രത്തിൻറെ പെൻഷൻകാർക്ക് ഉൾപ്പെടെ എല്ലാവർക്കും 1600 രൂപ നൽകുന്നു. കേന്ദ്രസർകാർ നൽകേണ്ട തുക വർഷങ്ങൾ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിൻറെ നികുതി അവകാശങ്ങൾ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

2017-18 മുതൽ കേന്ദ്രത്തിൽ നിന്നു ലഭിക്കാനുള്ള വിവിധ തുകകൾ കുടിശ്ശികയാണ്. ഇതിൻറെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാർച്ച് 31 ന് മുൻപ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് നൽകിയിട്ടുണ്ട്.

നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നൽകേണ്ടി വരുന്നത്.

യഥാസമയം ഫണ്ടുകൾ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദൽ മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നത്. എന്നാൽ, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നുവെന്ന പേരിൽ സംസ്ഥാനത്തിൻറെ കടമെടുപ്പ് അവകാശം കുറക്കുകയാണ്.

2017 മുതൽ കിഫ്ബിയും, പിന്നീട് പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ സംസ്ഥാനത്തിൻറെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *