പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.
സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമര്‍ശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തില്‍ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമാപനചടങ്ങില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കി. വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എഫ്‌സിസി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടവക ജൂബിലിയാഘോഷത്തോടനുബന്ധിച്ച് പൗരോഹിത്യജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഇടവകാംഗമായ ഫാ. മാത്യു എംബ്രായില്‍, 42 വര്‍ഷക്കാലമായി ഇടവകയില്‍ അക്കൗണ്ടന്റായി സേവനം ചെയ്യുന്ന തോമസുകുട്ടി കിഴക്കേത്തലയ്ക്കല്‍ എന്നിവരെ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു. ഇടവക ഡയറക്ടറിയുടെയും ജൂബിലി സുവനീറിന്റെയും പ്രകാശനവും നിര്‍വഹിക്കപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ജൂബിലി സമാപന ആഘോഷങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് സെന്റ് മേരീസ് പള്ളി കവാടത്തിലെത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ഇടവക വിശ്വാസിസമൂഹം ആവേശോജ്വലമായ വരവേല്പ് നല്‍കി സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. ജൂബിലി സ്മരണയ്ക്കായി കര്‍ദ്ദിനാള്‍ വൃക്ഷത്തൈ നട്ടു.
ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് ഇടവക ഇതിനോടകം സംഘടിപ്പിച്ചത്. തിരുസ്വരൂപപ്രയാണം, മുതിര്‍ന്നവരെ ആദരിക്കല്‍, മിഷന്‍ലീഗ് സംഗമം, യുവജനജാഗരണ പ്രാര്‍ത്ഥന, യുവജനദിനം, മെഗാമെഡിക്കല്‍ ക്യാമ്പ്, സമര്‍പ്പിത സംഗമം, മാതൃസംഗമം, ഇടവകനേതൃസമ്മേളനം, വിഭവസമാഹരണം, സ്‌നേഹാശ്രമസന്ദര്‍ശനം, പ്രാര്‍ത്ഥനാദിനം, മരിയന്‍ പദയാത്ര, മരിയന്‍ ഗാനമത്സരം, കൃതജ്ഞതാബലി എന്നിവ അവയില്‍ ചിലതുമാത്രം.
ജൂബിലിയാഘോഷ സമാപനത്തിന് കൈക്കാരന്മാരായ ജോയി കല്ലുറുമ്പേല്‍, റജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍, ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, കോര്‍ഡിനേറ്റേഴ്‌സ് സിസ്റ്റര്‍ ലിന്‍സി സിഎംസി, സിസ്റ്റര്‍ അര്‍ച്ചന എഫ്‌സിസി, ജോര്‍ജ്കുട്ടി വെട്ടിക്കല്‍, ജോര്‍ജ്കുട്ടി ആഗസ്തി, സിബിച്ചന്‍ കിഴക്കേത്തലയ്ക്കല്‍, ജെയ്‌സണ്‍ ജോസഫ് ചെംബ്ലായില്‍, സിറിള്‍ ഇലഞ്ഞിമറ്റം, ജോസ് വെട്ടിക്കല്‍, സിസ്റ്റര്‍ വിമല്‍ എസ്എച്ച്, കൂട്ടായ്മാ ലീഡര്‍മാര്‍, വിവിധ സംഘടനാഭാരവാഹികള്‍ എന്നിവരടങ്ങുന്ന 300 അംഗ സംഘാടകസമിതി നേതൃത്വം നല്‍കി.