Timely news thodupuzha

logo

ഇടുക്കി ജില്ലയിൽ 27ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് കളക്ടർ

ഇടുക്കി: ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ട് ജില്ലയിൽ സെക്ഷൻ 144 പ്രകാരം ഏപ്രിൽ 24 ന് വൈകിട്ട് ആറ് മുതൽ ഏപ്രിൽ 27 ന് രാവിലെ ആറ് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർ ഐ.പി.സി. സെക്ഷൻ 188 പ്രകാരം ശിക്ഷാർഹരായിരിക്കും.

ഉത്തരവ് പ്രകാരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്.

  1. പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംകൂടുക, പൊതുയോഗങ്ങളോ റാലികളോ പാടുള്ളതല്ല.
  2. ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവർത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.
  3. ഒരു തരത്തിലുള്ള ലൗഡ്‌സ്പീക്കറും പാടുള്ളതല്ല.
  4. ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രവചനമോ പോൾ സർവേകളോ ഉൾപ്പടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദർശിപ്പിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യരുത്.
  5. പോളിങ് സ്‌റ്റേഷനകത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നീരിക്ഷകർ, സൂക്ഷ്മ നീരീക്ഷകർ, ലോ ആൻഡ് ഓഡർ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒഴികെ ആരും മൊബൈൽ ഫോണും കോർഡ്‌ലസ് ഫോണുകളും വയർലസ് സെറ്റുകളും ഉപയോഗിക്കരുത്.
  6. ചുമതലയുള്ള ഉദ്യോഗസ്ഥർ അല്ലാതെ പോളിങ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിയിൽ കോർഡ്‌ലസ് ഫോണുകളും വയർലസ് സെറ്റുകളും ഉപയോഗിക്കരുത്.
  7. തെരഞ്ഞടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചരണവും സ്ഥാനാർത്ഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.
  8. ഒരേ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയ്ക്ക് പുറത്ത് ഒരു സ്ഥാനാർത്ഥി ഒന്നിൽ കൂടുതൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കുന്നത് പാടുള്ളതല്ല.
  9. പോളിങ് സ്‌റ്റേഷനിലും പരിധിയിലും റപ്രസെന്റേഷൻ ഓഫ് പീപ്പിൾ ആക്ട് 1951 സെക്ഷൻ 134 ബി പ്രകാരം നിയമപരമായി അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങൾ കൈവശം വെക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.

വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ ബാധിക്കില്ല.

പോളിങ് സ്ഥലങ്ങളിലും മാർക്കറ്റുകളിലെ ഷോപ്പിങ്, സിനിമ തീയറ്ററുകൾ, തൊഴിൽ, ബിസിനസ്, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കായി കൂട്ടം ചേരാവുന്നതാണ്. എന്നാൽ സംഘർഷങ്ങളോ ക്രമസമാധാനം തടസപ്പെടുന്ന തരത്തിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ പാടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജൻസികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകമല്ല.

Leave a Comment

Your email address will not be published. Required fields are marked *