Timely news thodupuzha

logo

യൂറോപ്പിൽ നിന്ന്‌ 500 കോടിയുടെ ഹൈബ്രിഡ് കപ്പല്‍ നിര്‍മാണ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചി കപ്പല്‍ശാല

എറണാകുളം: കൊച്ചി കപ്പൽശാല യൂറോപ്പിൽ നിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി. തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോ​ഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ(എസ്.ഒ.വി) വിഭാഗത്തിൽപ്പെട്ട കപ്പലാണ് യൂറോപ്യൻ കമ്പനിക്കു വേണ്ടി കൊച്ചിയിൽ നിർമിക്കുക.

ഡീസലിലും വൈദ്യുതിയിലും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് കപ്പലായിരിക്കുമിത്. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും അനുബന്ധ സേവനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കുമാണ് ഇത്‌ ഉപയോ​ഗിക്കുക.

നോർവെയിലെ വാർഡ് ​എഎസാണ് കപ്പൽ രൂപകൽപ്പന ചെയ്തത്. ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനവും മൂന്ന് 1300 ഇകെഡബ്ല്യു ഡീസൽ ജനറേറ്ററുമാണ് ഇതിന് കരുത്തുപകരുക.

കൂറ്റൻ ലിഥിയം ബാറ്ററിയാണ് ഉപയോഗിക്കുക. മികച്ച സുരക്ഷാ സംവിധാനങ്ങളും സുഖസൗകര്യങ്ങളുമുള്ള ഈ കപ്പലിന്റെ പ്രധാന ക്യാബിന് 54 സാങ്കേതിക വിദ​ഗ്ധരെയും ജീവനക്കാരെയും ഉൾക്കൊള്ളാനാകും.

മറ്റൊരു കപ്പൽകൂടി നിർമിച്ച് നൽകാൻ കരാറിൽ വ്യവസ്ഥയുണ്ടെന്നും കപ്പൽശാല വാർത്താക്കുറിപ്പിൽ അറിയിച്ചു.

രണ്ടു പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പൽ നിർമാണ മേഖലയിൽ സജീവമായ കൊച്ചി കപ്പൽശാല ഇതിനകം യു.എസ്, ജർമനി, നെതർലൻഡ്സ്, നോർവെ, ഡെന്മാർക്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി അമ്പതിലധികം കപ്പലുകൾ നിർമിച്ചു നൽകിയിട്ടുണ്ട്.

ഒരു ജർമൻ കമ്പനിക്കുള്ള എട്ട് വിവിധോദ്ദേശ്യ യാനങ്ങളുടെ നിർമാണം പുരോ​ഗമിക്കുകയാണ്. ആന്റി സബ്മറൈൻ യുദ്ധക്കപ്പലുകളും മിസൈൽ യാനങ്ങളും നിർമിക്കാനുള്ള കരാറും കപ്പൽ ശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *