Timely news thodupuzha

logo

സേഫ് കേരള പദ്ധതി പകൽക്കൊള്ള, എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണങ്ങളുന്നയിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ‘കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നത്. ചട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തി. ഏപ്രിൽ 12 ന് പദ്ധതിക്ക് അനുമതി നൽകികൊണ്ടുള്ള ക്യാബിനറ്റ് ഉത്തരവ് വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടത് ?? ‘- എന്നും അദ്ദേഹം ചോദിച്ചു

കരാർ റദ്ദ് ചെയ്ത് ഉത്തരവാദികളെ ശിക്ഷിക്കുകയല്ലേ ക്യാബിനറ്റ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി പി രാജീവ് കൊള്ളക്കാരെ വെള്ളപൂശാനാണ് ശ്രമിച്ചത്. കള്ളന്മാർക്ക് കവചമൊരുക്കുകയാണ് മന്ത്രിയെന്നും ആരോപിച്ച ചെന്നിത്തല എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും പുറത്തു വിട്ടു. 75.32 കോടിയാണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടത്. രേഖകൾ അനുസരിച്ച് 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നാണ് കാണിച്ചിരുന്നത്.

കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്‍റെ റോളെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ശിവശങ്കറിന് സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷിക്കണം. ഈ കമ്പനിക്ക് വിദേശത്ത് ബിസിനസ് ഉണ്ടെന്ന് പറയുന്നു അന്വേഷണത്തിൽ ഒന്നുമില്ലെന്ന് വ്യക്തമായി. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചുവെന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്ത് വരണമെന്നും എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *