ഇംഫാൽ: മണിപ്പൂരിൽ വിവിധയിടങ്ങളിലായി അക്രമികളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ പത്തു മണിക്കൂറുകളിലായി മെയ്തേ സമുദായത്തിൽ നിന്നുള്ളവർ താമസിക്കുന്ന എട്ട് ഗ്രാമങ്ങളിലായി കുകി സമുദായത്തിൽ നിന്നുള്ളവർ തുടർച്ചയായി ആക്രമണം നടത്തുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ഇംഫാലിലെ ഫായെങ്ങിലുണ്ടായ പോരാട്ടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുകി സായുധ സംഘത്തിൽ നിന്നുള്ളവരുടെ വെടിയേറ്റ ഒരു ഗ്രാമീണന് പരിക്കേറ്റിട്ടുമുണ്ട്. നാപട്ടിലും സെറോയുവിലുമായി മെയ്തി സമുദായാംഗങ്ങളുടെ എൺപതു വീടുകളാണ് സായുധസംഘം അഗ്നിക്കിരയാക്കിയത്. ഇതേ തുടർന്ന് പൊലീസ് പ്രദേശത്തെത്തി. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിട്ടുണ്ട്.
മലയോര ഗ്രാമങ്ങളിൽ താമസിക്കുന്ന കുകി വിഭാഗത്തിൽ നിന്നുള്ള അക്രമികളാണ് സംഘർഷങ്ങൾക്ക് പിന്നിലെന്നും സൈന്യം 40 അക്രമികളെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ മണിപ്പൂർ നേരിടുന്നത് സാമുദായിക സംഘർഷങ്ങളല്ലെന്നും കുകി സായുധസംഘങ്ങളുെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ഗ്രാമീണരെ എകെ -47, എം-16, സ്നിപ്പർ റൈഫിളുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുന്നവർക്ക് സൈന്യം മറുപടി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പലയിടങ്ങളിലും പുതുതായി സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ട്.
ആക്രമണം കനത്തതോടെ സ്ത്രീകൾ അടക്കമുള്ളവർ സൈന്യത്തിന്‍റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് തെരുവിൽ ഇറങ്ങി. കുകി തീവ്രവാദികളുടെ ആക്രമണത്തെ മൗനമായി കണ്ടു നിൽക്കുകയാണ് സുരക്ഷാ സൈനികർ എന്നാണ് ഗ്രാമീണരുടെ ആരോപണം.
കാക്ചിങ്ങിലെ സുഗ്നു, ചുരാചന്ദ്പുരിലെ കാങ്വി, ഇംഫാലിലെ കാങ്ചപ് , സാഗോൾ മാങ്ങ്, എന്നിവിടങ്ങളിലെല്ലാം വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്. കാക്ചിങ്ങിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് മെയ്തേ വിഭാഗം ആയുധങ്ങൾ കവർന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.