തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തികച്ചും സാങ്കേതികമായ കാര്യമാണ്.
മെഡിക്കൽ കോളെജ് അധ്യാപകർ തന്നെ തീരുമാനം വിദ്യാർഥികളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ടത് അധ്യാപകരോടാണ്. അവർ തന്നെ കാര്യങ്ങൾ വിദ്യാർഥികളെ പറഞ്ഞ് മനസിലാക്കും. ഡോക്ടർ മാരുടെ സംഘടന തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്.
ഇത് ഒരു വിവാദമാക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കുപോലും പ്രാധാന്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഓപ്പറേഷൻ തിയെറ്ററിലെ കാര്യം ആഗോളതലത്തിൽ ഭരണകൂടങ്ങൾ തീരുമാനിക്കേണ്ട കാര്യമല്ല, അത് തികച്ചും സാങ്കേതികമായ കാര്യമാണ്. . രോഗികളുടെ സുരക്ഷക്കാണ് അതിൽ പ്രാധാന്യം.രോഗികൾക്ക് യാതൊരു തരത്തിലുള്ള അണുബാധയുമുണ്ടാവരുതെന്നതാണ് അവിടുത്തെ പ്രോട്ടോക്കോളെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.