ഇംഫാൽ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന ഗവർണർ അനസൂയ യുകെയുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. സമാധാനത്തിനു വേണ്ടി എന്തു ചെയ്യാനും താൻ തയാറാണ്.
അക്രമത്തിലൂടെ പ്രശ്നപരിഹാരം സാധ്യമല്ല. എല്ലാവരും സമാധാനം നില നിർത്താനായി ശ്രമിക്കണമെന്ന് താൻ ആവശ്യപ്പെടുകയാണെന്നും രാഹുൽ ഗവർണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഗവർണർ അറിയിച്ചതായി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
വെള്ളിയാഴ്ച രാവിലെ രാഹുൽ മണിപ്പൂർ സിവിൽ സൊസൈറ്റി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ബിഷ്ണുപുർ ജില്ലയിലെ മൊയിറാങ്ങിലെ രണ്ട് ദുരിതാശ്വാസ ക്യാംപുകളിൽ രാഹുൽ സന്ദർശനം നടത്തിയിരുന്നു. മണിപ്പൂർ മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പിസിസി പ്രസിഡന്‍റ് കെയ്ശം മേഘചന്ദ്ര സിങ് എന്നിവരും രാഹുലിനൊപ്പമുണ്ട്.