ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ് ആണ് യുപി പൊലീസിന്റെ പിടിയിലായത്. ക്ഷത്രിയ ഓഫ് അമേത്തിയെന്ന ഫേസ്ബുക്ക് പേജ് വഴിയായിരുന്നു യുവാവ് ഭീഷണി മുഴക്കിയത്.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു യുപി പൊലീസിന്റെ നടപടി. ചന്ദ്രശേഖറിന് നേരെയുള്ള ആക്രമണത്തിന് അഞ്ച് ദിവസം മുമ്പാണ് വിംലേഷ് സിംഗ് ആദ്യ പോസ്റ്റ് ഇട്ടതെന്നാണ് പൊലീസ് പറയുന്നത്.
പട്ടാപ്പകല്‍, നടുറോഡില്‍ ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടും. അമേത്തിയിലെ താക്കൂര്‍മാര്‍ മാത്രമേ അവനെ കൊല്ലുകയുള്ളൂ എന്നായിരുന്നു പോസ്റ്റില്‍ കുറിച്ചിരുന്നത്. ബുധനാഴ്ച ആസാദിന് നേരെയുണ്ടായ വെടിവെപ്പിന് ശേഷം അതേ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു പോസ്റ്റും നല്‍കിയിരുന്നു.
ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ രാവണന് പിറകില്‍ വെടിയേറ്റു, അവന്‍ രക്ഷപ്പെട്ടു, പക്ഷേ ഇനി രക്ഷപ്പെടില്ല എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അറസ്റ്റിലായ വ്യക്തി ആക്രമണം ആസൂത്രണം ചെയ്തതില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.
ആസാദിനെതിരെ വധഭീഷണി മുഴക്കിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അഞ്ച് ദിവസം മുമ്പ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അമേത്തി പൊലീസ് സൂപ്രണ്ട് ഡോ. എളമരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ വെച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരെ ആക്രമണമുണ്ടായത്.
ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ഇന്നലെ ആസാദ് ആശുപത്രി വിട്ടിരുന്നു.