ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റെന്ന പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നതായി മുന്നറിയിപ്പ്. സുപ്രീംകോടതി രജിസ്ട്രിയാണ് മുന്നറിയിപ്പ് നൽകിയത്. http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു.ആർ.എൽ.
വ്യാജ വെബ്‌സൈറ്റ് ജനങ്ങളിൽനിന്ന് വ്യക്തിഗത വിവരങ്ങളും ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് വിവരങ്ങളും ആരായുകയാണെന്നും ആരും വിവരങ്ങൾ കൈമാറരുതെന്നും സുപ്രീംകോടതി രജിസ്ട്രി മുന്നറിയിപ്പ് നൽകി.
ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പണവും വിവരങ്ങളും ഉൾപ്പെടെ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സുപ്രീംകോടതി ആരുടെയും വ്യക്തി വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി.
വ്യാജ വെബ്‌സൈറ്റിന്റെ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടേയും പാസ്വേഡുകൾ മാറ്റാനും ബാങ്ക്, ക്രെഡിറ്റ് കാർഡ് അധികൃതരെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിർദേശമുണ്ട്.
www.sci.gov.in ആണ് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് യുആർഎൽ കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തണമെന്നും രജിസ്ട്രി വ്യക്തമാക്കി.