ന്യൂഡൽഹി: മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെ പ്രവർത്തകനായ പഞ്ചാബ് സ്വദേശിയാണ് പിടിയിലായത്.
ഇയാളാണ് പ്രധാന പ്രതിയെന്ന് സംശയമുണ്ട്. ആഗസ്റ്റ് 27നാണ് സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെ പേരിൽ ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഡൽഹി ഖലിസ്ഥാനാക്കും, മോദിയുടെ ഇന്ത്യയിൽ സിഖുകാർ കൂട്ടക്കൊല ചെയ്യപ്പെടുന്നു തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ.
ശിവാജി പാർക്ക് മുതൽ പഞ്ചാബി ബാഗ് വരെയുള്ള അഞ്ച് മെട്രോ സ്റ്റേഷനുകളിലാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിൽ ആയിരിക്കുമ്പോഴാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് പെയിന്റടിച്ച് ചുവരെഴുത്തുകള്‍ മായിച്ചിരുന്നു. സെപ്റ്റംബർ 9, 10 തീയതികളിലാണ് ഡൽഹിയിലെ പ്രഗതി മൈതാനത്ത് ജി 20 ഉച്ചകോടി നടക്കുന്നത്.