Timely news thodupuzha

logo

ദേവികുളമുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖല

മൂന്നാർ: ദേവികുളം മണ്ഡലത്തിലുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖലയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ ജില്ലയിലെ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് സി.പി.ഐ(എം) മൂന്നാർ ഏരിയ കമ്മിറ്റി ആരോപിച്ചു.

അതീവ ദുരന്ത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ആരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി സംബന്ധമായ പഠനം നടത്തിയതെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ജില്ലാ ഭരണത്തിനുണ്ട്.

എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചനയോ, ചർച്ചയോ നടത്താതെയാണ് ജനവിരുദ്ധ ഉത്തരവ് ജില്ലാ കലക്‌ടർ പുറപ്പെടുവിച്ചിട്ടുള്ളത്. റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരെപോലും മാറ്റി നിർത്തി.

മൂന്നാറിൽ ആറ്‌ ഹോട്ട് സ്പോട്ടുകളാണ് കാണിച്ചിട്ടുള്ളത്. ഉത്തരവ് വന്നതോടെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്.

വീടിന്റെ അറ്റകുറ്റ പണികൾ ചെയ്യുന്നതിനും മറ്റും പുതിയ ഉത്തരവ് തടസമാകും. ദേവികുളം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനിത്‌ വഴിവയ്‌ക്കും.

മൂന്നാറിന്റെ വിനോദസഞ്ചാരം തകർക്കുന്നതിനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ലോബികളുടെയും ഒരു പറ്റം കപട പരിസ്ഥിതി സ്നേഹികളുടെയും ഇംഗിതത്തിനു വഴങ്ങിയാണ് ജില്ലാ കലക്‌ടർ പ്രവർത്തിക്കുന്നതിന്റെ ഇതിന് ഉദാഹരണമാണ് ഈ ഉത്തരവ്.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകളാണ് സമീപകാലങ്ങളിൽ ജില്ലാ കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ഈ സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല. ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പുന:പരിശോധിക്കണമെന്നും ഇതിന് തയാറാകാതെ വന്നാൽ വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സി.പി.ഐ(എം) മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ.വിജയൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *