Timely news thodupuzha

logo

മണിപ്പൂർ കലാപം; വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയവർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചു എന്നാരോപിച്ച്, വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ എഡിറ്റേഴ്സ് ഗിൽഡിലെ അംഗങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തു. മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാ ജനകവും വ്യാജവും പണം വാങ്ങി കൊണ്ടുമുള്ള വാർത്തകൾ നൽകിയെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് പറഞ്ഞു.

ഓഗസ്റ്റ് 7 മുതൽ 10 വരെ സംസ്ഥാനത്തുണ്ടായിരുന്ന സീമ ഗുഹ, സഞ്ജയ് കപൂർ, ഭാരത് ഭൂഷൺ എന്നിവർക്ക് എതിരേയാണ് കേസ്. എഡിറ്റേഴ്സ് ഗിൽഡിലെ അംഗങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾക്കു വാർത്ത നൽകണമെങ്കിൽ നിങ്ങൾ സംഭവസ്ഥലങ്ങൾ നേരിട്ട് സന്ദർശിക്കുക, യാഥാർഥ്യങ്ങൾ മനസ്സിലാക്കുക, എല്ലാ സമുദായങ്ങളുടെയും പ്രതിനിധികളുമായി സംസാരിച്ചതിനു ശേഷം വാർത്ത പ്രസിദ്ധീകരിക്കുക. അല്ലാതെ ഒരു വിഭാഗത്തോട് മാത്രം സംസാരിച്ച് തീരുമാനത്തിൽ എത്തുന്നത് അപലപനീയമാണ്.

നിലവിൽ സംസ്ഥാനത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം നടത്തിയതിൻറെ പേരിൽ സംസ്ഥാന സർക്കാർ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കലാപ സമയത്ത് സംസ്ഥാന സർക്കാർ പക്ഷപാതപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ ശനിയാഴ്ച എഡിറ്റേഴ്സ് ഗിൽഡ് പുറത്തു വിട്ടിരുന്നു.

സാമുദായിക സംഘർഷത്തിൻറെ സമയത്ത് ജനാധിപത്യ സർക്കാരെന്ന നിലയിൽ മുഴുവൻ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ സംഘർഷത്തെ കുറിച്ചുള്ള വാർത്തയുടെ ഭാഗമായി അക്രമകാരികൾ തീയിട്ട വനംവകുപ്പിൻറെ കെട്ടിടത്തിന് കുകികളുടെ വീട് എന്നാണ് എഡിറ്റേഴ്സ് ഗിൽഡ് അടിക്കുറിപ്പ് നൽകിയിരുന്നു.

തെറ്റു പറ്റിയതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് എഡിറ്റേഴ്സ് ഗിൽഡ് എക്സിൽ പോസ്റ്റിട്ടിരുന്നു. സംസ്ഥാനത്തെ എല്ലാ കുകികളെയും അനധികൃത കുടിയേറ്റക്കാരായാണ് സർക്കാർ കാണുന്നതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *