Timely news thodupuzha

logo

കാര്‍ മറിഞ്ഞ് പാറക്കെട്ടിൽ തങ്ങിയവർക്കു ; ഉടുതുണി അഴിച്ച്‌ വടമാക്കി താഴെയിറങ്ങി, രക്ഷകരായി മലപ്പുറത്തെ വിനോദസഞ്ചാരികൾ

തൊടുപുഴ :ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷകരായി മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെയാണ് സംഭവം.  ഇടുക്കി തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരുടെ വാഹനം കൈ കാണിച്ച്‌ ഒരു കാര്‍ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറയുന്നത്. അതു വഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

സംഘം വാൻ നിര്‍ത്തി നോക്കിയപ്പോള്‍ ഇരുവശവും കാടും കൊക്കയുമായ സ്ഥലത്ത് 20 അടിയോളം താഴ്ചയില്‍ പാറയില്‍ തങ്ങി നില്‍ക്കുന്ന നിലയില്‍ കാര്‍ കണ്ടു. ഉടനെ പൊലീസിനെയോ ഫയര്‍ സര്‍വീസിനെയോ വിവരം അറിയിക്കാൻ നോക്കിയപ്പോള്‍ ആരുടെയും മൊബൈല്‍ ഫോണിൽ റൈഞ്ച് ഇല്ലായിരുന്നതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല. ഇതോടെ രണ്ടും കല്‍പ്പിച്ച്‌ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ മലപ്പുറത്ത് നിന്നെത്തിയ സംഘം തീരുമാനിച്ചു. പിന്നാലെ യാത്രാ സംഘത്തിലെ മൂന്ന് പേരുടെ ഉടുതുണി അഴിച്ച്‌ കൂട്ടിക്കെട്ടി വടമാക്കി.  വി. യൂനുസ്, ടി.ഹാരിസ് എന്നിവര്‍ സാഹസികമായി താഴെ ഇറങ്ങി മറ്റുള്ളവരുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി റോഡിലേക്ക് കയറ്റുകയായിരുന്നു. 

രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. പിന്നീട് അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി കുളമാവ് ഡാമിന് സമീപം ഉണ്ടായിരുന്ന സുരക്ഷാ ജോലിക്കാരനോട് വിവരം പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കിയ ശേഷമാണ് സംഘം യാത്ര തുടര്‍ന്നത്. ഡാമിലെ സുരക്ഷാ ജോലിക്കാരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. കാറിലുണ്ടായിരുന്നവരുടെ വിലാസമോ മറ്റോ ഒന്നും മലപ്പുറത്ത് നിന്നെത്തിയവരും ശേഖരിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പൊലീസിനെ വിളിച്ചപ്പോൾ പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയെന്നും ഇവർ സുഖം പ്രാപിച്ചു വരുന്നതായും പോലീസിൽ നിന്നും ഇവർ അറിയുകയായിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *