Timely news thodupuzha

logo

കനത്ത മഴ, ക്യാമ്പുകളുൾപ്പെടെ മുന്നൊരുക്കം സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൽപ്പറ്റ: ഇന്നലെ രാത്രി സംസ്ഥാനത്തിന്‍റെ പല മേഖലകളിലും കനത്ത മഴ പെയ്തതിനാൽ ക്യാമ്പുകളടക്കം ആവശ്യമായ എല്ലാ മുന്നൊരുക്കവും സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്നും നാളെയും ഉച്ചക്ക് ശേഷം മഴ പ്രതീക്ഷിക്കുന്നുണ്ട്. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത്. കൊല്ലത്ത് മുന്‍കരുതലെന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ന്‍ററുകള്‍ക്ക് പുറമേ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകളും പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു. ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.

തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തിട്ടുണ്ട്.

പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടി ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ അപകടകരമായ അവസ്ഥ ഇല്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ ഡാമുകള്‍ തുറക്കേണ്ടിവന്നിട്ടുണ്ട്.

ഇന്ന് രാവിലെ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *