Timely news thodupuzha

logo

സംസ്ഥാനത്തെ സാമ്പത്തിക പ്രശ്നം, കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ, കടമെടുപ്പു പരിധി വെട്ടിക്കുറച്ചെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ അർഹതപ്പെട്ട പണം നൽകാതെ വസ്‌തുതാ വിരുദ്ധവാദം ഉയർത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം ഫണ്ട്‌ നൽകാത്തതിന്‌ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി പക്ഷേ, കേരളത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല.

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം ഈ വർഷം മാത്രം 57,400 കോടി രൂപയാണ്‌ സംസ്ഥാനത്തിന്‌ നഷ്ടമായത്‌. ഇതു മറച്ചുവച്ചാണ്‌ കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുന്നത്‌.

കോളേജ് അധ്യാപകരുടെ യുജിസി ശമ്പളകുടിശ്ശികയ്ക്ക് കേരളം അപേക്ഷ നൽകിയില്ലെന്ന കേന്ദ്രമന്ത്രിയുടെ വാദം തെറ്റ്‌. 2022 മാർച്ച് 22ന് കേരളം അന്തിമ റിപ്പോർട്ട്‌ നൽകി. 2016 ജനുവരി ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക വിതരണം ചെയ്യാനുള്ള 750.93 കോടി രൂപയാണ്‌ കേന്ദ്രം നൽകാതിരുന്നത്‌.

2022 മാർച്ച് 31നകം അപേക്ഷ നൽകണമെന്ന കേന്ദ്രനിർദേശത്തെ തുടർന്ന് മാർച്ച് നാലിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഓൺലൈനായി അപേക്ഷിച്ചു. അപേക്ഷയിൽ പിശകുണ്ടെന്നും തിരുത്തണമെന്നും 10ന് സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചു. തുടർന്ന് വിശദമായ കണക്കുകൾ അടങ്ങുന്ന കത്ത് മാർച്ച് 22ന് സർക്കാർ നേരിട്ട് കൈമാറി. എന്നാൽ, പദ്ധതി നിർത്തലാക്കിയെന്ന് കാണിച്ച് ജൂലൈ 27ന് കേന്ദ്രം കത്തയക്കുകയായിരുന്നു. കേരളം ഉൾപ്പെടെയുള്ള 22 സംസ്ഥാനങ്ങൾക്ക്‌ ഇതേ മറുപടിയാണ് നൽകിയത്. വിഹിതം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് 2022 ആഗസ്ത് 10നും നവംബർ 14നും കേരളം വീണ്ടും കത്തു നൽകിയെങ്കിലും കേന്ദ്രം പ്രതികരിച്ചില്ല.

കേരളം 64 ലക്ഷം പേർക്ക്‌ ക്ഷേമ പെൻഷൻ നൽകുമ്പോൾ ഇതിൽ 6.88 ലക്ഷം പേർക്ക്‌ തുച്ഛമായ വിഹിതമാണ്‌ (വിധവകൾക്ക്‌ 300 രൂപ, വയോജനങ്ങൾക്ക്‌ 200 രൂപ) കേന്ദ്രം നൽകുന്നത്‌. ഈ തുകയാണ്‌ മൂന്നരവർഷം കേന്ദ്രം കുടിശ്ശികയാക്കിയത്‌. എന്നാൽ, കേന്ദ്രത്തിന്റെ വിഹിതംകൂടി ചേർത്താണ്‌ മൂന്നര വർഷവും സംസ്ഥാനം നൽകിയത്‌.

നെല്ലു സംഭരിച്ച വകയിൽ 790 കോടി രൂപയാണ്‌ കേന്ദ്ര സർക്കാർ നൽകാനുള്ളത്‌. 2019 മുതലുള്ള തുകയിലാണ്‌ കുടിശ്ശികയുള്ളത്‌.

ആരോഗ്യകേരളം (എൻഎച്ച്‌എം) പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികൾക്കുള്ള ക്യാഷ്‌ ഗ്രാന്റാണ്‌ കേന്ദ്രം പൂർണമായും പിടിച്ചുവച്ചിരിക്കുന്നത്‌. ഈ വർഷം 371.20 കോടിയാണ്‌ ഈയിനത്തിൽ സംസ്ഥാനത്തിന്‌ നൽകേണ്ടത്‌. ഒരു രൂപപോലും കേന്ദ്രം നൽകിയിട്ടില്ല. ഇതുകൂടാതെ അടിസ്ഥാന സൗകര്യ പരിപാലനത്തിനായി ഈ വർഷം 381 കോടിരൂപയുടെ അനുമതി നൽകിയിട്ടും ഫണ്ട്‌ ലഭ്യമാക്കിയിട്ടില്ല.

പതിനഞ്ചാം ധന കമീഷൻ ഗ്രാന്റായി 833.5 കോടി രൂപയാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടത്‌. ഗ്രാമീണ മേഖലയ്‌ക്ക്‌ 630 കോടിയും നഗരവികസനത്തിന്‌ 203.5 കോടിയും. സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തെ തുടർന്ന്‌ ഗ്രാമീണ മേഖലയ്‌ക്കുള്ള വിഹിതമായി കഴിഞ്ഞ ദിവസം 252 കോടി അനുവദിച്ചു. ഇനിയും 581 കോടി ലഭിക്കേണ്ടതുണ്ട്‌.

സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതി വിഹിതം രണ്ടു ഗഡുക്കളായി നൽകിയിരുന്നത്‌ ഇപ്പോൾ നാലു ഗഡുക്കളായാണ്‌ കേന്ദ്രം നൽകുന്നത്‌. ഈ വർഷത്തെ വിഹിതമായി ഇനി 143.63 കോടിയാണ്‌ ലഭിക്കേണ്ടത്‌.

കേന്ദ്ര സർക്കാർ തുച്ഛമായ വിഹിതം നൽകുന്ന പദ്ധതികളിൽപോലും കേന്ദ്രത്തിന്റെ പേര്‌ പരാമർശിക്കണമെന്നാണ്‌ ആവശ്യം. രാജ്യത്ത്‌ ഭവന പദ്ധതിക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനം കേരളമാണ്‌. കേന്ദ്ര സർക്കാരിന്റെ പി.എം.എ ഭവന പദ്ധതിയിൽ തുച്ഛമായ തുകയാണ്‌ കേന്ദ്രം അനുവദിക്കുന്നത്‌. എന്നാൽ, ഈ വീടുകളിൽ കേന്ദ്ര സർക്കാരിന്റെ പേരെഴുതണമെന്നാണ്‌ കേന്ദ്ര സർക്കാർ പറയുന്നത്‌. എന്നാൽ, ഇത്തരത്തിൽ ചാപ്പകുത്തൽ അനുവദിക്കില്ലെന്ന്‌ കേരളം നിലപാടെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *