Timely news thodupuzha

logo

വിഷ്ണു വിനോദിനു സെഞ്ചുറി

ആലുർ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ഒഡീശയെ നേരിടുന്ന കേരളത്തിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണെടുത്തത്.

വിഷ്ണു വിനോദിന്‍റെ വീരോചിത സെഞ്ചുറിയാണ് കേരളത്തെ വലിയ ബാറ്റിങ് തകർച്ചയിൽ നിന്നു കരകയറ്റിയത്. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ തീരുമാനം പാളുന്ന കാഴ്ചയായിരുന്നു തുടക്കത്തിൽ.

ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീനെയും(12) രോഹൻ കുന്നുമ്മലിനെയും(17) കേരളത്തിന് 11 ഓവറിനുള്ളിൽ നഷ്ടമായി. തുടർന്നെത്തിയ സഞ്ജുവിനും(15) ടീമിനെ കരകയറ്റാനായില്ല.

കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ഇക്കുറി 29 പന്തിൽ രണ്ട് റൺസുമായി മടങ്ങി. 75 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ പിന്നീടങ്ങോട്ട് അഞ്ചാം നമ്പറിലിറങ്ങിയ വിഷ്ണു വിനോദ് ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

നിർഭയമായി ഒഡീശ ബൗളർമാരെ നേരിട്ട വിഷ്ണു, 85 പന്തിൽ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 120 റൺസെടുത്തു. ശ്രേയസ് ഗോപാൽ(13), അഖിൽ സ്കറിയ(34) എന്നിവരെ സാക്ഷി നിർത്തിയായിരുന്നു വിഷ്ണുവിന്‍റെ ഒറ്റയാൾ പോരാട്ടം.

അവസാന ഓവറുകളിൽ അബ്ദുൾ ബാസിത് നടത്തിയ ബാറ്റിങ് വെടിക്കെട്ടും ടീമിനെ തുണച്ചു. 27 പന്ത് മാത്രം നേരിട്ട ബാസിത് മൂന്നു ഫോറും മൂന്നു സിക്സും സഹിതം 48 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഐ.പി.എൽ മിനി ലേലത്തിനു മുന്നോടിയായി ഞായറാഴ്ച മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട കളിക്കാരുടെ പട്ടികയിൽ വിഷ്ണു വിനോദിനെ ടീമിൽ നിലനിർത്തിയിരുന്നു. അതേസമയം, അബ്ദുൾ ബാസിതിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *