Timely news thodupuzha

logo

ഭക്തരുടെ വയറും മനസ്സും നിറച്ച് മഹാദാനം

സന്നിധാനം: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും.

ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ എന്നിവ അടങ്ങിയ ഉച്ചഭക്ഷണവും തയ്യാര്‍. ഉച്ചതിരിഞ്ഞ് 3.30 വരെ നല്‍കും. വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെ കഞ്ഞി, ചെറുപയര്‍ കറി, അച്ചാര്‍ എന്നിവയോടെ അത്താഴവും റെഡി.

ജീവനക്കാരും സന്നദ്ധസേവകരും ഉൾപ്പെടെ 240-ൽ അധികം പേരുടെ വിജയകരമായ പ്രയത്‌നമാണ് അയ്യന്റെ തിരുസന്നിധിയിലെ മുടങ്ങാത്ത അന്നദാനത്തിന് കരുത്തേകുന്നത്.

ക്യൂവില്‍ നില്‍ക്കുന്ന അവസാന ഭക്തനും വയറ് നിറയെ കഞ്ഞി കൊടുത്തതിന് ശേഷമേ അന്നദാനം അവസാനിപ്പിക്കാറുള്ളൂവെന്ന് അന്നദാനം സ്‌പെഷല്‍ ഓഫീസറായ അനുരാജ് എസ് വ്യക്തമാക്കി.

മാളികപ്പുറത്തിന് സമീപമാണ് അന്നദാന മണ്ഡപം സ്ഥിതി ചെയ്യുന്നത്. ഒരേ സമയം രണ്ടായിരത്തോളം പേര്‍ക്ക് മണ്ഡപത്തിലിരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കും.

തിരക്ക് നിയന്ത്രണവും ശുചിത്വവും കണക്കിലെടുത്ത് ക്രമീകരണങ്ങളോടെയാണ് ഭക്ഷണം വിളമ്പുന്നത്. തികച്ചും സൗജന്യമായി രുചിയുള്ള ആരോഗ്യകരമായ ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്‍കുന്നു.

ഭക്തര്‍ക്ക് അധികനേരം ക്യൂ നില്‍ക്കാന്‍ ഇടവരുത്താതെയാണ് നിലവില്‍ നിയന്ത്രണ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിസര ശുചീകരണം കൃത്യമായി അധികൃതരും സന്നദ്ധസേവകരും ഉറപ്പാക്കുന്നുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *