Timely news thodupuzha

logo

ദൈവം കൈയെത്തും ദൂരത്ത്…….

അഡ്വ .എസ്. അശോകൻ .

ഞാന്‍ ഇതുവരെ ദൈവത്തെ നേരില്‍ കണ്ടിട്ടില്ല. മറ്റാരെങ്കിലും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല. അകക്കണ്ണു കൊണ്ടും അനുഭവങ്ങളിലൂടെയും മറ്റുള്ളവരിലൂടെയുമാണ് നമ്മള്‍ ദൈവത്തെ കാണുന്നതും അറിയുന്നതും. അതു കൊണ്ടു തന്നെയാകണം ചിത്രകാരന്‍മാര്‍ ദൈവത്തിന് മനുഷ്യഛായ നല്‍കിയതും.

തൊടുപുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദൈവത്തെ കാണുന്നത് ജോസ് ഡോക്ടറിലൂടെയാണ്. തൊടുപുഴയിലെ പ്രശസ്തമായ ചാഴിക്കാട്ട് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍ എഫ് ആര്‍ സി എസ് ആണ് നാട്ടുകാരുടെ കണ്‍കണ്ട ദൈവമായ ജോസ് ഡോക്ടര്‍.

രോഗ നിര്‍ണ്ണയത്തിന് സഹായകമായ കോടികളുടെ മുതല്‍ മുടക്കുള്ള വിദഗ്ധ ഉപകരണങ്ങള്‍ ആവോളം ഉള്ളപ്പോഴും ഒരു കരസ്പര്‍ശം കൊണ്ട് രോഗം കൃത്യമായി നിര്‍ണയിക്കാനും വിദഗ്ധമായ ചികിത്സ നല്‍കാനുമുള്ള മാന്ത്രിക ശക്തിയുണ്ട് ജോസ് ഡോക്ടര്‍ക്ക് എന്ന് വിശ്വസിക്കുന്ന ഒരുപാട് രോഗികള്‍ ഉണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെ വരവോടെ രോഗ നിര്‍ണയം കൂടുതല്‍ സങ്കീര്‍ണമായ കാലഘട്ടത്തില്‍ ജോസ് ഡോക്ടര്‍ അപവാദമാണ്.

ഒരു ചീട്ടെടുത്താല്‍ കുടുംബാഗങ്ങള്‍ക്ക് മുഴുവന്‍ ജോസ് ഡോക്ടര്‍ ചികിത്സ നല്‍കുമെന്ന പറച്ചില്‍ വെറും തമാശയല്ല. പലപ്പോഴും അത് ശരിയാണ്. സത്യത്തില്‍ പാവപ്പെട്ടവരുടെ ആശാബിന്ദുവാണ് അദ്ദേഹം. പുതു തലമുറയിലെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും ഒക്കെ ജോസ് ഡോക്ടറെ കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്ന് ആരും ആശിച്ചു പോകും!.

പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയകാല മലങ്കര എസ്റ്റേറ്റ് സുപ്രണ്ടിന്റെ മകന്‍ ഡോക്ടര്‍ ജോര്‍ജ്ജിനെ വെല്ലുര്‍ ആശുപത്രിയില്‍ വെച്ച് കാണാനിടയായി. അപ്പോഴേക്കും ജോര്‍ജ്ജ് അതിസൂക്ഷമ നാഢീവ്യൂഹ ശസ്ത്രക്രീയ വിദഗ്ധനായ ഡോക്ടര്‍ ജോര്‍ജ്ജ് അബ്രഹാം ആയി മാറിയിരുന്നു. ഹൗസ് സര്‍ജന്‍സിക്കു ശേഷം പരിശീലനത്തിനായി കുറച്ചു കാലം ജോസ് ഡോക്ടറുടെ കൂടെയുണ്ടായിരുന്ന ഓര്‍മകള്‍ പങ്കിട്ടു കൊണ്ട് ജോര്‍ജ്ജ് പറഞ്ഞവാക്കുകള്‍ ഇപ്പോഴും മറന്നിട്ടില്ല. ‘ജോസ് ഡോക്ടറെ പോലെ മിടുമിടുക്കനായ ഒരു സര്‍ജനെ ഇതുവരെ കണ്ടിട്ടില്ല. തൊടുപുഴയിലെ ചെറിയ ലോകത്ത് ഒതുങ്ങിയപ്പോള്‍ രാജ്യത്താകെമാനം നിറഞ്ഞു നില്‍ക്കാനാവുമായിരുന്ന അവസരമാണ് പ്രതിഭാശാലിയായ ജോസ് ഡോക്ടര്‍ക്ക് നഷ്ടമായത’്.

ജോസ് ഡോക്ടറുടെ നഷ്ടം തൊടുപുഴകാരുടെ ഭാഗ്യമായി മാറിയത് ചരിത്രം. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ജോസ് ഡോക്ടര്‍ മത്സരിച്ചിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വന്തം വോട്ടു പോലും കിട്ടുമായിരുന്നില്ലെന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.

ക്രിസ്തുദേവന്‍ തിരുപിറവിയെടുത്ത ക്രിസ്തുമസ് ദിനത്തില്‍ തന്നെ ജോസ് ഡോക്ടറും ജനിച്ചത് ദൈവ നിയോഗം. എണ്‍പതിന്റെ നിറവിലെത്തിയ പ്രിയപ്പെട്ട ജോസ് ഡോക്ടര്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കണമേയെന്ന പ്രാര്‍ത്ഥനയോടെ മംഗളാശംസകള്‍!.

Leave a Comment

Your email address will not be published. Required fields are marked *