Timely news thodupuzha

logo

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്. ഖനി അഴിമതിയുമായി ബന്ധപ്പെട്ടാണ് അഭിഷേക് പ്രസാദിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തുന്നത്.

റാഞ്ചിയിലും രാജസ്ഥാനിലുമായി പത്തിടങ്ങളിലാണ് ഇ.ഡി പരിശോധന. അതേസമയം, ജാർഖണ്ഡിൽ ഭൂമി ഉടമസ്ഥതയിൽ നിയമവിരുദ്ധമായി മാറ്റം വരുത്തുന്ന മാഫിയയുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ(പി.എം.എൽ.എ) നിയമപ്രകാരം മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ് അയയ്ക്കുകയുണ്ടായി.

നേരത്തേ ആറുവട്ടം നോട്ടീസ് അയച്ചെങ്കിലും മുഖ്യമന്ത്രി ഹാജരായില്ല. ഇ.ഡി നോട്ടീസിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സൊറൻ സമർപ്പിച്ച ഹർജികൾ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.

ഇ.ഡി കേസിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താൽ ഹേമന്ത് സോറന്റെ ഭാര്യയെ മുഖ്യമന്ത്രിയാക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. 81 അംഗ നിയമസഭയിൽ ഭരണമുന്നണിയിൽ 47 പേരുണ്ട്.

ജെ.എം.എം 29, കോൺഗ്രസ് 17, ആർ.ജെ.ഡി ഒന്ന് എന്നിങ്ങനെയാണ് ഭരണ മുന്നണിയിലെ കക്ഷിനില. ബി.ജെ.പിയ്ക്ക് 26 എം.എൽ.എമാരാണ് ഉള്ളത്‌.

Leave a Comment

Your email address will not be published. Required fields are marked *