Timely news thodupuzha

logo

ജെസ്‌നയെ കാണാതായ സംഭവത്തിൽ മതതീവ്രവാദ സംഘടനകൾക്ക്‌ ബന്ധമില്ലെന്ന്‌ സി.ബി.ഐ

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജെസ്‌ന മരി ജോസിന്റെ തിരോധാനക്കേസ്‌ അവസാനിപ്പിക്കാനുള്ള സി.ബി.ഐ റിപ്പോർട്ട്‌ 19ന്‌ തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിക്കും.

50ൽ അധികം പേജുള്ള റിപ്പോർട്ടാണ്‌ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്‌. റിപ്പോർട്ടിനെക്കുറിച്ച്‌ ജെസ്‌നയുടെ അച്ഛന്റെ വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം.

കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾ തന്നെയാണ്‌ സി.ബി.ഐ റിപ്പോർട്ടിലുമുള്ളത്‌ എന്നാണ്‌ സൂചന. ജെസ്‌നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന്‌ വിവരും റിപ്പോർട്ടിലുണ്ട്‌.

മരിച്ചതായോ, ജീവിച്ചിരിക്കുന്നതായോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലൈന്നും സി.ബി.ഐ പറയുന്നു. ആത്മഹത്യകൾ കൂടുതലായി നടക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ജെസ്‌നയുടെയും സുഹൃത്തിനെയും അച്ഛന്നേയും ശാസ്‌ത്രീയ പരിശോധനകൾക്ക്‌ വിധേയരാക്കിയിട്ടും കേസിന് സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല, ജെസ്‌നക്ക്‌ അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല.

സമീപ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലും പരിശോധന നടത്തിയെങ്കിലും കൊല്ലപ്പെട്ടതിനു തെളിവ്‌ ലഭിച്ചില്ല, ഇന്റർപോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടും വിവരം ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ്‌ റിപ്പോർട്ടിലുള്ളത്‌.

പൊലീസ്‌ കണ്ടെത്തിയതിൽനിന്ന്‌ കൂടുതലായി ഒന്നും കണ്ടെത്താൻ സിബിഐയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്‌ അന്വേഷണം ഏറ്റെടുത്ത്‌ മൂന്നുവർഷം കഴിഞ്ഞശേഷം കേസ്‌ അവസാനിപ്പിക്കുന്നതിന്‌ റിപ്പോർട്ട്‌ നൽകിയത്‌.

Leave a Comment

Your email address will not be published. Required fields are marked *