Timely news thodupuzha

logo

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ്

കോഴിക്കോട്: പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാർ‌ തടഞ്ഞു വച്ചു. എറണാകുളത്തു നിന്നും പന്തിരാങ്കാവിൽ എത്തിയ അന്വേഷ സംഘത്തേയാണ് ആൾകൂട്ടം തടഞ്ഞത്.

തുടർന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ച് സ്വകാര്യ വാഹനത്തിലെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്.

ഇവർ സിവിൽ വേഷത്തിലായിരുന്നു എത്തിയത്. വള്ളുവത്തൊടി ഷിയാഫിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ബഹളം വച്ചു. ഇതു കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ഇയാൾ മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇവർ പൊലീസ് എത്തിയ വാഹനത്തിന്‍റെ ചില്ലും തകർത്തു.

കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കല്‍ പൊലീസ് പന്തീരാങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാര്‍ക്ക് നേരെ ലാത്തിവീശുകയും ഇവരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. പൊലീസിന്‍റെ കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പന്തീരങ്കാവ് പൊലീസ് കേസെടുത്തു.

കൃത്യനിര്‍വഹണം തടസപ്പെടുത്തി, പ്രതിയെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, കൊട്ടേഷൻ സംഘമെന്ന് തെറ്റിദ്ധരിച്ചാണ് സംഘത്തെ തടഞ്ഞു വച്ചതെന്നും വാഹനത്തിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *