Timely news thodupuzha

logo

ബംഗാൾ തൃണമൂൽ നേതാവ് അറസ്റ്റിൽ, ഇ.ഡിയെ ആക്രമിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവും ബോംഗാവ് മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനുമായ ശങ്കർ ആധ്യയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

നീണ്ട 17 മണിക്കൂർ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള തൃണമൂൽ നേതാവാണ് ശങ്കർ ആധ്യയെ. ബോംഗാവോണിലെ സിമുൽത്തോളയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

അഴിമതിയെ തുടർന്ന് ഈ അടുത്ത് അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിൻറെ അടുത്തയാളാണ് ശങ്കർ ആധ്യ. ആധ്യയുടെ ഭാര്യയുടെ വീട്ടിലും ഐസ്‌ക്രീം ഫാക്ടറിയിലും മറ്റ് ബിസിനസ് പങ്കാളികളുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തി.

എട്ട് ലക്ഷം രൂപയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. സാൾട്ട് ലേക്കിലെ ഇഡി ഓഫീസിൽ എത്തിച്ച ആധ്യയെ കോടതിയിൽ ഹാജരാക്കും. അതേസമയം, അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് ഇ.ഡി സംഘത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി.

പാർട്ടി അനുയായികൾ സ്ഥലത്ത് സംഘർഷം ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തി.

പ്രതിഷേധത്തിൽ മൂന്ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, പഴ്‌സുകൾ എന്നിവയും ജനക്കൂട്ടം തട്ടിയെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *