Timely news thodupuzha

logo

മാലദ്വീപിനെ ബഹിഷ്കരിച്ച് ഇന്ത്യൻ സഞ്ചാരികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് നേതാക്കളുടെ പരാമർശത്തിൽ മാലദ്വീപിനെ ബഹിഷ്കരിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ഭീഷണിയായി കണ്ട മാലദ്വീപ് മന്ത്രിമാർക്കു കനത്ത തിരിച്ചടി നൽകിക്കൊണ്ട് നിരവധി പേരാണ് ‘മാലദ്വീപിനെ ബഹിഷ്കരിക്കുകയെന്ന’ ആഹ്വാനവുമായി രംഗത്തെത്തിയത്.

മറിയം ഷിവുനയുടെ പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ എണ്ണായിരത്തിലേറെ ഹോട്ടൽ ബുക്കിങ്ങുകൾ റദ്ദാക്കപ്പെട്ടു. 2,500 ഫ്ലൈറ്റ് ടിക്കറ്റുകളും റദ്ദാക്കി. മാലദ്വീപിൽ അവധിയാഘോഷിക്കാനുള്ള തീരുമാനത്തിൽ നിന്നു പിന്മാറുന്നതായി നിരവധി പേർ അറിയിച്ചു. ‌

ബോളിവുഡ്‌, സ്പോർട്സ് താരങ്ങൾ അടക്കം ധാരാളം പേർ ലക്ഷദ്വീപിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. അക്ഷയ് കുമാർ, സൽമാൻ ഖാൻ, സച്ചിൻ ടെൻഡുൽക്കർ, ജോൺ ഏബ്രഹാം, ശ്രദ്ധ കപൂർ, കങ്കണ റണാവത്ത് തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പ്രതികരണത്തിൽ ഇന്ത്യ മുഹമ്മദ് മുയ്‌സു സർക്കാരിൻറെ അതൃപ്തി അറിയിച്ചു.

മാലിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറാണ് വിഷയം മാലദ്വീപ് ഭരണകൂടവുമായി ചർച്ച ചെയ്തത്. സർക്കാരിൻറെ ഔദ്യോഗിക നിലപാടല്ല ഇതെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം ഹൈക്കമ്മിഷണറെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്ന് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ വിവാദമായി മാറി.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തെ ബാധിക്കുന്ന നിലയിലേക്ക് വിവാദം രൂക്ഷമായതോടെ മൂന്ന് മന്ത്രിമാരെയും മാലദ്വീപ് സർക്കാരിൽ നിന്നു സസ്പെൻഡ് ചെയ്തു.

സർക്കാരിൻറെ നിലപാടല്ല മന്ത്രിമാർ പറഞ്ഞത് എന്ന വിശദീകരണവും മാലദ്വീപ് നൽകി. മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെയാണു സർക്കാരിൽ നിന്നു സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *